ബെംഗളൂരു: സ്വതന്ത്രവും ജനതാത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുമായ മാധ്യമങ്ങളെ പിന്തുണക്കുക എന്ന ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍(ഐ.പി.എസ്.എം.എഫ്). ഫൗണ്ടേഷന്റെ ബെഗംളൂരു ഓഫീസില്‍ നടന്ന ആദായനികുതി വകുപ്പിന്റെ (Income tax) റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഐ.പി.എസ്.എം.എഫ്. വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ഇന്‍കം ടാക്‌സ് ആരോപണം ഫൗണ്ടേഷന്‍ നിഷേധിച്ചു.
വിദേശ ഫണ്ടിങ്ങുമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ്ങുമായും ബന്ധിപ്പിച്ചാണ് മാധ്യമങ്ങള്‍ ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ഫൗണ്ടേഷന് ഒരു ഘട്ടത്തിലും വിദേശ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ഐ.പി.എസ്.എം.എഫിന് വേണ്ടി ടി.എന്‍. നൈനാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ആദായനികുതി ഉദ്യോഗസ്ഥരുടെ ഒരു സംഘം ഫൗണ്ടേഷന്റെ ബംഗളൂരുവിലെ ഓഫീസിലെത്തി രേഖകളെല്ലാം പരിശോധിച്ചു. ഈ റെയ്ഡിനോട് ഫൗണ്ടേഷന്റെ ജീവനക്കാര്‍ പൂര്‍ണമായും സഹകരിച്ചു. ഇനിയും സ്വതന്ത്രവും പൊതുബോധമുള്ളതുമായ മാധ്യമങ്ങളെ പിന്തുണയ്ക്കുക എന്ന ദൗത്യം ഫൗണ്ടേഷന്‍ തുടരും,’ ഐ.പി.എസ്.എം.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കിയതെന്നും പസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഓക്സ്ഫാം ഇന്ത്യ, ഐ.പി.എസ്.എം.എഫ്
തുടങ്ങിയവയുടെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസങ്ങില്‍ റെയ്ഡ് നടന്നത്.
അന്വേഷണാത്മക വാര്‍ത്തകളുടെ പേരില്‍ പ്രസിദ്ധമായ രാജ്യത്തെ തെരഞ്ഞെടുത്ത മാധ്യമങ്ങള്‍ക്ക് ഐ.പി.എസ്.എം.എഫ് ധനസഹായം നല്‍കാറുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ടി.എസ്. നൈനാന്‍ ആണ് ഇതിന്റെ ചെയര്‍പേഴ്സണ്‍. നടന്‍ അമോല്‍ പലേകര്‍ അടക്കമുള്ളവര്‍ ട്രസ്റ്റ് അംഗങ്ങളാണ്.
രജിസ്റ്റര്‍ ചെയ്തെങ്കിലും അംഗീകാരം ലഭിക്കാത്ത 20ലേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ് അറിയാനാണ് റെയ്‌ഡെന്നാണ് അദയ നികുതി വകുപ്പിന്റെ വിശദീകരണം.
CONTENT HIGHLIGHTS: IPSMF says Foundation believes in its mission of supporting independent and public-spirited media, and intends to continue its work