ബെംഗളൂരു: സ്വതന്ത്രവും ജനതാത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുമായ മാധ്യമങ്ങളെ പിന്തുണക്കുക എന്ന ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍(ഐ.പി.എസ്.എം.എഫ്). ഫൗണ്ടേഷന്റെ ബെഗംളൂരു ഓഫീസില്‍ നടന്ന ആദായനികുതി വകുപ്പിന്റെ (Income tax) റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഐ.പി.എസ്.എം.എഫ്. വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ഇന്‍കം ടാക്‌സ് ആരോപണം ഫൗണ്ടേഷന്‍ നിഷേധിച്ചു.
വിദേശ ഫണ്ടിങ്ങുമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ്ങുമായും ബന്ധിപ്പിച്ചാണ് മാധ്യമങ്ങള്‍ ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ഫൗണ്ടേഷന് ഒരു ഘട്ടത്തിലും വിദേശ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ഐ.പി.എസ്.എം.എഫിന് വേണ്ടി ടി.എന്‍. നൈനാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ആദായനികുതി ഉദ്യോഗസ്ഥരുടെ ഒരു സംഘം ഫൗണ്ടേഷന്റെ ബംഗളൂരുവിലെ ഓഫീസിലെത്തി രേഖകളെല്ലാം പരിശോധിച്ചു. ഈ റെയ്ഡിനോട് ഫൗണ്ടേഷന്റെ ജീവനക്കാര്‍ പൂര്‍ണമായും സഹകരിച്ചു. ഇനിയും സ്വതന്ത്രവും പൊതുബോധമുള്ളതുമായ മാധ്യമങ്ങളെ പിന്തുണയ്ക്കുക എന്ന ദൗത്യം ഫൗണ്ടേഷന്‍ തുടരും,’ ഐ.പി.എസ്.എം.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കിയതെന്നും പസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.