| Saturday, 11th May 2019, 5:16 pm

നിര്‍ഭയ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിര്‍ഭയ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്

അരിസോണ: 2012ലെ കുപ്രസിദ്ധമായ നിര്‍ഭയ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ചയ്യ ശര്‍മ്മയ്ക്ക് ഈ വര്‍ഷത്തെ ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള മക്കയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.

‘മനുഷ്യാവകാശങ്ങളുടെ ഉറച്ച സംരക്ഷകയായ ചയ്യ, തന്റെ 19 വര്‍ഷം നീളുന്ന ഒദ്യോഗിക ജീവിതത്തില്‍ നിരവധി ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കുകയും, മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ചയ്യയുടെ അന്വേഷണ രീതി കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് അനുകൂലമായ സമീപനത്തിലൂടെയാണെന്ന് നമുക്ക് കാണാം, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍’- മക്കയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിരവധി ക്രിമിനല്‍ കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്ത ചയ്യയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായിരുന്നു നിര്‍ഭയ കേസ്.

കേസില്‍ പ്രതികളായ ആറു പേരെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. കൊലപാതകത്തിനും ലൈംഗിക അക്രമത്തിനുമെതിരെയുള്ള വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാവാതിരുന്ന ഒരാളൊഴികെ മറ്റല്ലാവരേയും തിഹാര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചത്.

‘പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി എന്ന നിലയ്ക്ക് ചയ്യ തീര്‍ത്തും കൃത്യതയോടെയാണ് കേസ് കൈകാര്യം ചെയ്തിട്ടുള്ളത്. പെട്ടെന്ന് തീരുമാനങ്ങളെടുത്ത്, കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി, വിവിധ സംഘങ്ങളെ കൂട്ടിയിണക്കിയാണവര്‍ അത് ചെയ്തത്. ആറു ദിവസത്തിനുള്ളില്‍ പ്രതികളെ അന്വേഷിച്ച് അഞ്ചു സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തിയ ചയ്യ, അവരുടെ സംഘത്തെ സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന സമര്‍ദങ്ങളില്‍ നിന്നും സംരക്ഷിച്ചു. ഇത്തരം ഒരു ഹീന കൃത്യം നടത്തിയവരെ ദ്രുതഗതിയില്‍ കുടുക്കാന്‍ ഇത് സഹായകമായി’- കുറിപ്പില്‍ പറയുന്നു.

മനുഷ്യാവകാശ സംരക്ഷണത്തിനും, നീതിക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി ധീരമായി പോരാടുന്നവര്‍ക്ക് നല്‍കിപ്പോരുന്ന ബഹുമതിയാണ് മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.  പാകിസ്ഥാനിലെ വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ച് താലിബാന്റെ തോക്കിനിരയായ മലാല യൂസഫ്‌സായിക്കായിരുന്നു 2015ല്‍ മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more