ന്യുദല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കൊല തുറന്നുകാട്ടിയതില്‍ മോദി സര്‍ക്കാരിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന രജനീഷ് റായ് ഐ.പി.എസ് രാജി വച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഡിജി വന്‍സാര അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് സര്‍വ്വീസില്‍ നിന്നും രാജി വച്ചു.
അസമിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല തുറന്നുകാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സി.ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ ജനറലായ രജനീഷ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായെന്നാണ് അഹമ്മദാബാദ് മിറര്‍ പറയുന്നത്.
1992 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ബി.ജെ.പി നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസിലും തുളസിറാം പ്രജാപതി കേസിലും മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്ന ഡിജി വന്‍സാര, പിസി പാണ്ഡെ, ഒപി മാഥുര്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരുടെ അറസ്റ്റിലേക്ക് നയിപ്പിച്ചത് രജനീഷായിരുന്നു.
അസമിലെ ചിരാംഗ് ജില്ലയിലുള്ള സിമാല്‍ഗുരി ഗ്രാമത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നത്. 2017 മാര്‍ച്ച് 30 ന് നാഷ്ണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകരെന്ന് കരുതുന്ന രണ്ട് പേരെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
ലൂക്കാസ് നാര്‍സാരി അല്ലെങ്കില്‍ എന്‍ ലാഗ്ഫാ, ഡേവിഡ് ഇസ്ലാരി അഥവാ ദയൂദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് രജനീഷ കണ്ടെത്തുകയും 2017 ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.