ന്യൂദല്‍ഹി: ബോളിവുഡ് താരം സ്വര ഭാസ്‌കറിനെ അനുചിതമായി പരിഹസിക്കാന്‍ ശ്രമിച്ച ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിപുല്‍ അഗര്‍വാളിനെതിരെ വ്യാപക വിമര്‍ശനം. അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല ചെയ്യപ്പെട്ട് സംഭവത്തെ മുന്‍നിര്‍ത്തി, സ്വര ഭാസ്‌കറിന്റെ ഇതിനെക്കുറിച്ചുള്ള അഭിപ്രായം (സ്വരം) എന്താണ് എന്നായിരുന്നു വിപുലിന്റെ ട്വീറ്റ്.
എന്നാല്‍ സംഭവത്തില്‍ സ്വര ഭാസ്‌കര്‍ അഭിപ്രായം എന്താണെന്നറിയുന്നതിനേക്കാളും വിപുല്‍ പ്രധാന്യം നല്‍കേണ്ടത് അഹ്മദാബാദിലെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനത്തെക്കുറിച്ചാണെന്ന് ഓര്‍മിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ ക്രമസമാധാനം തകര്‍ന്നു കൊണ്ടിരിക്കുന്നത് തടയാന്‍ കഴിയാത്ത പൊലീസ്, സ്വര ഭാസ്‌കറിന്റെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുന്നതിലെ അനൗചിത്യവും ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.
വിമര്‍ശനം രൂക്ഷമായതോടെ വിപുല്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ‘എന്റെ ട്വീറ്റ് ചിലരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി കാണുന്നു. ഞാന്‍ ഒരിക്കലും അത് ഉദ്ദേശിച്ചിരുന്നില്ല, ഞാന്‍ മാപ്പു ചോദിക്കുന്നു. അതിനാല്‍ മറ്റ് മുന്‍വിധികളൊന്നുമില്ലാതെ ഞാന്‍ ആ ട്വീറ്റ് പിന്‍വലിക്കുന്നു’- ട്വീറ്റില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിഹാറില്‍ കനയ്യകുമാറിന്റേയും ദല്‍ഹിയില്‍ അതിഷിയുടേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സ്വര ഭാസ്‌കര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞതിന് ശേഷം സിനിമ മേഖലയില്‍ തനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നതായും സ്വര പറഞ്ഞിരുന്നു.
ജൂണ്‍ രണ്ടിനാണ് രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.