തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമായി. അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കത്തുനല്‍കി.
40 പേര്‍ ഒപ്പിട്ട കത്താണ് അസോസിയേഷന്‍ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിനു കൈമാറിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.
ഐ.പി.എസ് അസോസിയേഷന്റെ യോഗം ഉടന്‍ വിളിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പൊലീസ് ഉന്നതതല യോഗത്തില്‍ നിരാകരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ സമാന്തര യോഗം ചേര്‍ന്നു.
പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി രംഗത്തു വന്നില്ല എന്നായിരുന്നു സമാന്തര യോഗക്കാരുടെ പരാതി. ജൂണ്‍ അവസാനവാരം പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ഇതിലാണ് ഐ.പി.എസ് അസോസിയേഷന്‍ യോഗം ഉടന്‍ ചേരണമെന്ന് തച്ചങ്കരി ആവശ്യം ഉന്നയിച്ചത്. ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഐ.പി.എസുകാരെ ആക്ഷേപിച്ച് വാര്‍ത്തകള്‍ വന്നിട്ടും അസോസിയേഷന്‍ ഇതിനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നില്ല എന്ന് തച്ചങ്കരി പരാതിപ്പെട്ടു.
ബാര്‍ബര്‍മാരും തോട്ടക്കാരും ക്യാംപ് ഫോളോവര്‍മാരുടെ പ്രതിനിധികളായി വന്ന് ചാനലുകളില്‍ ആരോപണം ഉന്നയിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂനിയര്‍ ഉദ്യോഗസ്ഥരായ രാഹുല്‍ ആര്‍.നായര്‍, ഹരിശങ്കര്‍, ജയനാഥ് തുടങ്ങിയവരും ഇക്കാര്യം ഉന്നയിച്ചു.
എന്നാല്‍, അസോസിയേഷന്‍ അച്ചടക്കമുള്ള സംഘടനയാണെന്നും പരസ്യ പ്രതികരണത്തിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ സെക്രട്ടറി ഐ.ജി മനോജ് ഏബ്രഹാം രംഗത്തെത്തി. അതിനിടെ ബെഹ്‌റ ഇടപെട്ടു ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നടന്ന ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് തീര്‍ന്നയുടന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരോട് മീറ്റിംഗ് കൂടാം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡി.ജി.പിമാരായ എ.ഹേമചന്ദ്രന്‍, മുഹമ്മദ് യാസിന്‍, എ.ഡി.ജി.പി ആര്‍.ശ്രീലേഖ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ അപ്പോള്‍ തന്നെ മടങ്ങി.
ഐ.പി.എസ് അസോസിയേഷന്‍ നിര്‍ജീവമാണെന്നും ഉടന്‍ യോഗം ചേര്‍ന്നു നിയമാവലി രൂപീകരിച്ചു രജിസ്റ്റര്‍ ചെയ്യണമെന്നും യോഗത്തില്‍ തച്ചങ്കരി പറഞ്ഞു. അസോസിയേഷന്‍ യോഗം ജൂലൈ അഞ്ചിന് ചേരണമെന്നാവശ്യപ്പെട്ടുള്ള കത്ത് പി.പ്രകാശിനു നല്‍കാനും അന്നത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ഐ.പി.എസുകാരുടെ കയ്യൊപ്പിനായി ജില്ലകളിലേക്കു വിടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ കത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ എത്തിയിരുന്നു.
Also Read: ദല്‍ഹിയിലെ അധികാരത്തര്‍ക്കം; കെജ്‌രിവാളിനു വിജയം; സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭരണാധികാരി
ടോമിന്‍ തച്ചങ്കരിയുടെ ഓഫിസില്‍ നിന്നാണ് ഒപ്പിടാന്‍ കത്തു കൊടുത്തുവിട്ടത്. ആദ്യ ഒപ്പും തച്ചങ്കരിയുടേതായിരുന്നു. ഏതാനും യുവ ഐ.പി.എസ് ഉദ്യോഗസ്ഥരും പൊലീസ് ആസ്ഥാനത്തെ ചിലരും യോഗ ആവശ്യം അംഗീകരിച്ച് കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
അതേസമയം, പ്രത്യേക കാരണമില്ലാതെ അസോസിയേഷന്‍ യോഗം എന്ന പേരില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് മറുപക്ഷത്തുള്ളവര്‍ പറയുന്നു.
ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ല വിടണമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി വേണം. സാധാരണ ഔദ്യോഗിക യോഗദിവസമാണ് അസോസിയേഷന്‍ യോഗവും വിളിക്കുന്നത്.
ജൂലൈ അഞ്ചിന് ഒരു യോഗവും വിളിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ബെഹ്‌റ ഉറപ്പുനല്‍കിയെന്ന പ്രചാരണം ശരിയല്ലെന്നും ഇവര്‍ പറയുന്നു.