| Monday, 29th January 2018, 12:50 pm

'കൈയ്യിലെ ബൈസപ്പ്‌സിന് നല്ല ട്രെയിനിംഗ് ആയി; അവനെ എന്തു വില കൊടുത്തും ടീമിലെത്തിക്കണമായിരുന്നു'; ഐ.പി.എല്‍ ലേലത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ജാന്‍വി പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗളൂരു: ഐ.പി.എല്‍ ലേലത്തില്‍ തിളങ്ങിയത് ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല. ജൂഹി ചൗളയും പ്രീതി സിന്റയും പോലുള്ള ബോളിവുഡ് സുന്ദരിമാരുണ്ടായിട്ടും എല്ലാവരുടേയും കണ്ണ് ഒരു സുന്ദരിക്കുട്ടിയിലായിരുന്നു. ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ജാന്‍വി മെഹ്ത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ജൂഹി ചൗളയുടെ മകളാണ് ജാന്‍വി.

ജാന്‍വിയ്ക്ക ക്രിക്കറ്റില്‍ അതിയായ താല്‍പര്യമുണ്ടെന്നാണ് അച്ഛന്‍ ജെയ് മെഹ്ത പറയുന്നത്. ഇംഗ്ലണ്ടില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ജാന്‍വി അവധി വന്നതാണെന്നും ക്രിക്കറ്റിനോടുള്ള താല്‍പര്യം കൊണ്ടാണ് ലേലത്തിനെത്തിയതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ലേലം അവള്‍ക്ക് നല്ലൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലേലത്തെ കുറിച്ചുള്ള ജാന്‍വിയുടെ പ്രതികരണം വളരെ രസകരമായിരുന്നു. ” ബിഡ്ഡിംഗ് പാഡില്‍ ഉയര്‍ത്തി ഉയര്‍ത്തി കൈയ്യിലെ ബൈസപ്പ്‌സിന് നല്ല ട്രെയിനിംഗ് കിട്ടി. അത് നല്ലതാണ്.” എന്നായിരുന്നു.

ലേലത്തില്‍ ഒരു താരത്തെ എന്തു വില കൊടുത്തും കെ.കെ.ആറിലെത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ജാന്‍വി പറയുന്നു. പൊന്നും വില കൊടുത്ത് കൊല്‍ക്കത്ത നിലനിര്‍ത്തിയ ക്രിസ് ലിന്‍ ആയിരുന്നു ആ താരം. ” ക്രിസ് ലിന്‍ ടീമിലെത്തിയത് വളരെ സന്തോഷമുളള കാര്യമാണ്. അവന്‍ നന്നായി സിക്‌സുകള്‍ അടിക്കും. ക്രിസ് ലിന്‍ കളിക്കുന്നത് കാണാന്‍ തന്നെ രസമാണ്.” ജാന്‍വി പറയുന്നു.

ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിന്റെ ഉടമ കൂടിയാണ് ജാന്‍വി. ഫെബ്രുവരി ഒന്നിനാണ് ജാന്‍വിയുടെ 17-ാം പിറന്നാള്‍.

ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് ബോര്‍ഡിങ് സ്‌കൂളിലാണ് ജാന്‍വിയും 15-കാരനായ അനുജന്‍ അര്‍ജുന്‍ മെഹ്തയും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ ജാന്‍വി 10-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് നേടിയിരുന്നു. എഴുത്തുകാരിയാകണമെന്നാണ് ജാന്‍വിയുടെ അഭിലാഷം.

പുതിയ ചിത്രമായ “പത്മാവതു”മായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ദീപിക പദുക്കോണിന്റെ കടുത്ത ആരാധിക കൂടിയാണ് ജാന്‍വി. നടന്മാരില്‍ ജാന്‍വിയ്ക്ക് ഇഷ്ടം വരുണ്‍ ധവാനോടാണ്. ഐ.പി.എല്‍ താരലേലം അവസാനിച്ചെങ്കിലും ലേലവേദിയിലെ പ്രായം കുറഞ്ഞ ജാന്‍വി ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more