| Tuesday, 1st April 2025, 10:53 pm

പ്രിയാന്‍ഷ് ഇതുപോലൊരു യാത്രയയപ്പ് പ്രതീക്ഷിച്ചില്ല; വൈറലായി വീഡിയോ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തില്‍ ഇറങ്ങിയ പഞ്ചാബ് ടോസ് നേടി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

തുടര്‍ന്ന് കളത്തിലിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്.

ദിഗ്‌വേഷ് സിങ്ങിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച പന്ത് രാഹുല്‍ ചഹറിന്റെ കയ്യിലാകുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ ദിഗ്‌വേഷ് വിക്കറ്റ് നേടിയത് ആഘോഷിച്ച രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്കറ്റ് നേടിയ ശേഷം ആര്യയുടെ അടുത്ത് ചെന്ന് വിക്കറ്റ് ലിസ്റ്റില്‍ ആര്യയുടെ പേര് തന്റെ കയ്യില്‍ എഴുതിയാണ് താരം ആഘോഷിച്ചത്.

മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച പ്രഭ്‌സിമ്രാന്‍ സിങ്ങിനേയും പുറത്താക്കിയത് ദിഗ്‌വേഷ് സിങ്ങാണ്. 34 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് താരം നേടിയത്. ഐതിഹാസികമായ ക്യാചിലൂടെയാണ് പ്രഭ്‌സിമ്രാനെ ലഖ്‌നൗ മടക്കിയത്.

ലഖ്‌നൗവിന്റെ ബാറ്റിങ്ങില്‍ ആദ്യ ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് തന്റെ നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞയച്ചാണ് തുടങ്ങിയത്. മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്തിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ (28 റണ്‍സ്) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മിന്നും പ്രകടനമാണ് നടത്തിയത്. മാര്‍ക്രത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ലോക്കി കരുത്ത് കാട്ടിയത്.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ലഖ്‌നൗ ആരാധകര്‍ കാത്തിരുന്നത് തങ്ങളുടെ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനത്തിന് വേണ്ടിയായിരുന്നു. ടീമിന് വേണ്ടി പന്ത് രക്ഷകനായി എത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് വലിയ നിരാശയാണ് ഉണ്ടായത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പന്ത് കളം വിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് ക്യാച് നല്‍കിയാണ് പന്ത് മടങ്ങിയത്.

കളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് നിക്കോളാസ് പൂരന്‍ പുറത്തായത്. 30 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് പൂരന്‍ പുറത്തായത്. ചഹലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. തുടര്‍ന്ന് 19 റണ്‍സ് നേടി ഡേവിഡ് മില്ലര്‍ മാര്‍ക്കോയാന്‍സന് ഇരയായി. മത്സരത്തിന്റെ അവസാന ഘട്ടം ആയുഷ് ബധോണി 41 റണ്‍സും അബ്ദുള്‍ സമദ് 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.

അവസാന ഓവറില്‍ ഇരുവരുടേയും വിക്കറ്റ് നേടിയത് അര്‍ഷ്ദീപ് സിങ്ങാണ്. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും, ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്‌സവെല്‍, മാര്‍ക്കോ യാന്‍സന്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL2025: Digvesh adds Priyansh Arya’s name to his wicket-taking list And Celebration

Latest Stories

We use cookies to give you the best possible experience. Learn more