| Wednesday, 24th April 2024, 10:35 pm

സഞ്ജു മികച്ച താരമാകുമെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു; 16ാം വയസില്‍ സഞ്ജുവിനെതിരെ പന്തെറിഞ്ഞ അനുഭവം പങ്കുവെച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരിക്കെ സഞ്ജു സാംസണെതിരെ പന്തെറിഞ്ഞ അനുഭവം പങ്കുവെച്ച് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. വളരെ മികച്ച താരമായി വളരാനുള്ള പൊട്ടെന്‍ഷ്യല്‍ സഞ്ജുവിന് ഉള്ളതായി തനിക്ക് അന്നേ തോന്നിയിരുന്നു എന്നാണ് വസീം അക്രം പറഞ്ഞത്.

സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വസീം അക്രം സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.

‘ആ സമയത്ത് അവന് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍) അവസരം ലഭിച്ചിരുന്നില്ല. പക്ഷേ ഭാവിയില്‍ ഒരു മികച്ച താരമായി മാറാനുള്ള പൊട്ടെന്‍ഷ്യല്‍ അവനിലുണ്ടെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു.

അവന്‍ അധികമൊന്നും സംസാരിക്കാത്ത ഒരു പയ്യനായിരുന്നു. വലിയ താരങ്ങള്‍ ചുറ്റിലുമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകും. ഞാന്‍ അവനൊപ്പം വളരെ കുറച്ച് കാലം മാത്രമാണുണ്ടായിരുന്നത്. പക്ഷേ അവന്‍ വളരെ മികച്ച താരമായി മാറുമെന്ന് എനിക്ക് അപ്പോള്‍ തോന്നിയിരുന്നു,’ അദ്ദേഹം പറഞ്ഞു.

സഞ്ജുവിനായി നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോഴുള്ള അനുഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘2010ലാണ് ഈ സംഭവം നടന്നതെന്നാണ് എനിക്ക് തോന്നുന്നത്. 2010ല്‍ കൊല്‍ക്കത്തക്ക് ബ്ലാക് കിറ്റാണ് ഉണ്ടായിരുന്നത്. 2011ല്‍ അത് പര്‍പ്പിളിലേക്ക് മാറ്റി.

ഞങ്ങള്‍ ഐ.പി.എല്ലിന് മുമ്പ് ഒരു ക്യാമ്പ് ഒരുക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലല്ല, മറ്റൊരു ഗ്രൗണ്ടില്‍. ആ ക്യാമ്പില്‍ വളരെ കുറച്ച് ബൗളര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാനെത്തി. അവന്‍ വളരെ നാണംകുണുങ്ങിയായ പയ്യനായിരുന്നു. അധികമാരോടും സംസാരിക്കാത്ത സൈലന്റായ ആളായിരുന്നു അവന്‍. എന്നാല്‍ അവന്റെ വിക്കറ്റ് കീപ്പിങ് സ്‌കില്ലുകള്‍ വളരെ മികച്ചതായിരുന്നു.

അങ്ങനെ അവനും ബാറ്റ് ചെയ്യാനെത്തി. ഞാന്‍ പന്തെടുത്തു, എനിക്ക് തോന്നുന്നത് സഞ്ജുവിന് ഇത് ഓര്‍മയുണ്ടാകും എന്നാണ്. അവന് ഉറപ്പായും ഇക്കാര്യം ഓര്‍മയുണ്ടാകും.

കുറച്ച് ഔട്ട് സ്വിങ്ങറുകളെറിഞ്ഞ് ഞാന്‍ അവനെ ബീറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഞാനും ആ സയമത്ത് ചെറുപ്പമായിരുന്നു.

ഞാനെറിഞ്ഞ മൂന്നാം പന്ത് ഒരു ഇന്‍ സ്വിങ്ങറായിരുന്നു. അത് അവന്റെ വിക്കറ്റ് തെറിപ്പിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്ന് ഇങ്ങനെ കാണിച്ചു (കൈ ഉയര്‍ത്തി കറക്കിയുള്ള സെലിബ്രേഷന്‍),’ വസീം അക്രം പറഞ്ഞു.

കൊല്‍ക്കത്തക്കൊപ്പം ഐ.പി.എല്‍ യാത്ര ആരംഭിച്ച സഞ്ജുവിന് എന്നാല്‍ ബ്ലാക് ആന്‍ഡ് ഗോള്‍ഡ് ടീമിന് വേണ്ടി കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. 2012ല്‍ ടീം സഞ്ജുവിനെ റിലീസ് ചെയ്യുകയായിരുന്നു.

ശേഷം 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ സ്വന്തമാക്കി. രാജസ്ഥാനിലെത്തിയ ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയാണ് സഞ്ജു തന്റെ വരവറിയിച്ചത്. ശേഷം ഇക്കാലമത്രയും റോയല്‍സിനൊപ്പം തന്നെയാണ് സഞ്ജു കളത്തിലിറങ്ങിയത്.

രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ രണ്ട് വര്‍ഷം താരം ദല്‍ഹി ഫ്രാഞ്ചൈസിയില്‍ കളിക്കുകയും ശേഷം രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തിയപ്പോള്‍ സഞ്ജു വീണ്ടും പഴയ തട്ടകത്തിലേക്ക് കളം മാറ്റുകയായിരുന്നു.

Content highlight: IPL: Wasim Akram praises Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more