വിക്കറ്റ് തെറിപ്പിച്ച ശേഷം കൈ ഉയര്‍ത്തി ആഘോഷിച്ചു, സഞ്ജുവിന് ഇത് ഉറപ്പായും ഓര്‍മയുണ്ടാകും; രാജസ്ഥാന്‍ നായകനെ പുറത്താക്കിയതിനെ കുറിച്ച് വസീം അക്രം
Sports News
വിക്കറ്റ് തെറിപ്പിച്ച ശേഷം കൈ ഉയര്‍ത്തി ആഘോഷിച്ചു, സഞ്ജുവിന് ഇത് ഉറപ്പായും ഓര്‍മയുണ്ടാകും; രാജസ്ഥാന്‍ നായകനെ പുറത്താക്കിയതിനെ കുറിച്ച് വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 8:45 pm

ഈ സീസണില്‍ മറ്റെല്ലാ ടീമിനെയും ബഹുദൂരം പിന്നിലാക്കി പ്ലേ ഓഫ് ലക്ഷ്യമിട്ട് മുമ്പിലോടുകയാണ് രാജസ്ഥാന്‍ റോയല്‍സ്. താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളേക്കാളേറെ ഒരു ടീം എന്ന നിലയിലുള്ള ഒത്തൊരുമയാണ് രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സ്‌പെഷ്യലും അപകടകാരികളുമാക്കുന്നത്. പക്കാ ടീം മാനായ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഇപ്പോള്‍ സഞ്ജുവിന്റെ കരിയറിലെ ആദ്യ കാലത്തെ കുറിച്ച് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. സഞ്ജു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരിക്കെ താരത്തിനായി നെറ്റ്‌സില്‍ പന്തെറിഞ്ഞ അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വസീം അക്രം സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.

 

‘2010ലാണ് ഈ സംഭവം നടന്നതെന്നാണ് എനിക്ക് തോന്നുന്നത്. 2010ല്‍ കൊല്‍ക്കത്തക്ക് ബ്ലാക് കിറ്റാണ് ഉണ്ടായിരുന്നത്. 2011ല്‍ അത് പര്‍പ്പിളിലേക്ക് മാറ്റി.

ഞങ്ങള്‍ ഐ.പി.എല്ലിന് മുമ്പ് ഒരു ക്യാമ്പ് ഒരുക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലല്ല, മറ്റൊരു ഗ്രൗണ്ടില്‍. ആ ക്യാമ്പില്‍ വളരെ കുറച്ച് ബൗളര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാനെത്തി. അവന്‍ വളരെ നാണംകുണുങ്ങിയായ പയ്യനായിരുന്നു. അധികമാരോടും സംസാരിക്കാത്ത സൈലന്റായ ആളായിരുന്നു അവന്‍. എന്നാല്‍ അവന്റെ വിക്കറ്റ് കീപ്പിങ് സ്‌കില്ലുകള്‍ വളരെ മികച്ചതായിരുന്നു.

അങ്ങനെ അവനും ബാറ്റ് ചെയ്യാനെത്തി. ഞാന്‍ പന്തെടുത്തു, എനിക്ക് തോന്നുന്നത് സഞ്ജുവിന് ഇത് ഓര്‍മയുണ്ടാകും എന്നാണ്. അവന് ഉറപ്പായും ഇക്കാര്യം ഓര്‍മയുണ്ടാകും.

കുറച്ച് ഔട്ട് സ്വിങ്ങറുകളെറിഞ്ഞ് ഞാന്‍ അവനെ ബീറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഞാനും ആ സയമത്ത് ചെറുപ്പമായിരുന്നു.

ഞാനെറിഞ്ഞ മൂന്നാം പന്ത് ഒരു ഇന്‍സ്വിങ്ങറായിരുന്നു. അത് അവന്റെ വിക്കറ്റ് തെറിപ്പിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്ന് ഇങ്ങനെ കാണിച്ചു (കൈ ഉയര്‍ത്തി കറക്കിയുള്ള സെലിബ്രേഷന്‍),’ വസീം അക്രം പറഞ്ഞു.

ഒരു മികച്ച താരമാകാനുള്ള പൊട്ടെന്‍ഷ്യല്‍ സഞ്ജുവിലുണ്ടെന്ന് തനിക്ക് അന്നേ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ആ സമയത്ത് അവന് അവസരം ലഭിച്ചിരുന്നില്ല. പക്ഷേ ഭാവിയില്‍ ഒരു മികച്ച താരമായി മാറാനുള്ള പൊട്ടെന്‍ഷ്യല്‍ അവനിലുണ്ടെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു.

അവന്‍ അധികമൊന്നും സംസാരിക്കാത്ത ഒരു പയ്യനായിരുന്നു. വലിയ താരങ്ങള്‍ ചുറ്റിലുമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകും. ഞാന്‍ അവനൊപ്പം വളരെ കുറച്ച് കാലം മാത്രമാണുണ്ടായിരുന്നത്. പക്ഷേ അവന്‍ വളരെ മികച്ച താരമായി മാറുമെന്ന് എനിക്ക് അപ്പോള്‍ തോന്നിയിരുന്നു,’ അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2012ല്‍ സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. ശേഷം 2013ല്‍ താരം രാജസ്ഥാന്‍ റോയല്‍സിലെത്തി. രാജസ്ഥാനിലെത്തിയ ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയ സഞ്ജു ഇക്കാലമത്രയും റോയല്‍സിനൊപ്പം തന്നെയാണ് കളത്തിലിറങ്ങിയത്.

 

രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ രണ്ട് വര്‍ഷം താരം ദല്‍ഹി ഫ്രാഞ്ചൈസിയില്‍ കളിക്കുകയും ശേഷം രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ സഞ്ജു വീണ്ടും പഴയ തട്ടകത്തിലേക്ക് കളം മാറ്റുകയായിരുന്നു.

 

Content highlight: IPL: Wasim Akram about Sanju Samson