| Monday, 29th April 2024, 9:01 pm

ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ അവനെ നിലനിര്‍ത്തില്ല, എന്റെ ടീമിലും അവന് സ്ഥാനമുണ്ടാകില്ല; തുറന്നടിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ വിക്കറ്റ് വീഴ്ത്തുന്നതിന് പ്രസക്തിയില്ല എന്ന രാജസ്ഥാന്‍ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിരേന്ദര്‍ സേവാഗ്.

ഓരോ ടീമുകളും ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നത് വിക്കറ്റ് വീഴ്ത്താനാണെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വരും സീസണുകളില്‍ ആരും അശ്വിനെ ടീമിലെടുക്കില്ല എന്നും സേവാഗ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വിക്കറ്റ് നേടുന്നത് അപ്രസക്തമാണെന്ന് അശ്വിന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ സേവാഗ് രംഗത്തെത്തിയിരിക്കുന്നത്.

‘നേരത്തെ സ്‌ട്രൈക്ക് പ്രശ്‌നമല്ലെന്ന് കെ.എല്‍. രാഹുല്‍ പറഞ്ഞതുപോലെയാണിത്. ഇതുതന്നെയാണ് ഇപ്പോള്‍ അശ്വിനും പറഞ്ഞിരിക്കുന്നത്. അവന്‍ ബാറ്റിങ്ങിന്റെ കാര്യത്തിലാണ് ഇത് പറഞ്ഞതെങ്കില്‍ ബൗളിങ്ങില്‍ വിക്കറ്റ് വീഴ്ത്തുന്നതിനെ കുറിച്ചാണ് അശ്വിന്‍ പറയുന്നത്. മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതുകൊണ്ട് കാര്യമില്ലെന്നാണ് അശ്വിന്‍ പറയുന്നത്.

അവന്റെ സ്റ്റാറ്റുകളും പ്രകടനങ്ങളും മികച്ചതല്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലേലത്തല്‍ ഒരാള്‍ പോലും അവനെ ടീമിലെടുക്കാന്‍ പോലും പോകുന്നില്ല.

നിങ്ങള്‍ ഒരു ബൗളറെ ടീമിലെത്തിക്കുമ്പോള്‍ അയാള്‍ 25-30 റണ്‍സ് വിട്ടുകൊടുക്കുമെന്നാണോ അതോ വിക്കറ്റുകള്‍ വീഴ്ത്തി രണ്ടോ മൂന്നോ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുമെന്നാണോ പ്രതീക്ഷിക്കുന്നത്?,’ ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സേവാഗ് പറഞ്ഞു.

രാജസ്ഥാനായി കളിച്ച എട്ട് മത്സരത്തില്‍ നിന്നും വെറും രണ്ട് വിക്കറ്റ് മാത്രമാണ് അശ്വിന് നേടാന്‍ സാധിച്ചത്. ഒമ്പതിനടുത്താണ് താരത്തിന്റെ എക്കോണമി.

വിക്കറ്റ് വീഴ്ത്താതെ റണ്‍സ് സേവ് ചെയ്തുകൊണ്ട് പന്തെറിയാനാണ് അശ്വിന്‍ ശ്രമിക്കുന്നതെങ്കില്‍ തന്റെ ടീമിലും താരത്തിന് ഇടമുണ്ടാകില്ല എന്നും സേവാഗ് പറഞ്ഞു.

‘അവനോട് മത്സരിക്കുന്ന എല്ലാ സ്പിന്നര്‍മാരും, അത് ചഹലാകട്ടെ കുല്‍ദീപ് യാദവാകട്ടെ എല്ലാവരും വിക്കറ്റ് നേടുന്നുണ്ട്. ഓഫ് സ്പിന്നെറിഞ്ഞാല്‍ എല്ലാവരും തനിക്കെതിരെ സ്‌കോര്‍ ചെയ്യുമെന്നാണ് അവന്‍ വിശ്വസിക്കുന്നത്.

ഇക്കാരണത്താല്‍ അവന്‍ കാരം ബോളാണ് എറിഞ്ഞുകൊണ്ടിരിക്കുന്നത്, അതുകൊണ്ട് അവന് വിക്കറ്റും ലഭിക്കുന്നില്ല. അശ്വിന്‍ തന്റെ ഓഫ് സ്പിന്നിനെയും ദൂസരെയെയും വിശ്വസിച്ചാല്‍ അവന് വിക്കറ്റ് ലഭിച്ചേക്കും, പക്ഷേ ഇത് ഓരോരുത്തരുടെയും മനോഭാവമാണ്.

എന്നാല്‍ ഞാന്‍ ഒരു ഫ്രാഞ്ചൈസിയുടെ മെന്ററോ കോച്ചോ ആയിരുന്നെങ്കില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചിന്തിക്കില്ല. എന്റെ ബൗളര്‍മാര്‍ വിക്കറ്റ് നേടാന്‍ ശ്രമിക്കാതെ റണ്‍സ് സേവ് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കില്‍ എന്റെ ടീമില്‍ അവര്‍ക്ക് ഇടമുണ്ടാകില്ല,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL: Virender Sehwagh slams R Ashwin

Latest Stories

We use cookies to give you the best possible experience. Learn more