| Sunday, 17th March 2024, 10:52 am

ആദ്യ മത്സരത്തില്‍ 12,000 റണ്‍സ് നേടാന്‍ വിരാട്; ആദ്യ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ധോണിയുടെ മടയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനാണ് മാര്‍ച്ച് 22ന് തുടക്കമാകുന്നത്. റെയ്‌നിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന്റെ ആവേശത്തിന് തുടക്കമാകുന്നത്.

വിരാട് കോഹ്‌ലിയെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ഐ.പി.എല്ലില്‍ തകര്‍ത്തടിക്കാന്‍ ഇറങ്ങുന്നത്.

മാര്‍ച്ച് 22ന് ചെപ്പോക്കിലേക്കിറങ്ങുന്ന വിരാടിനെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കാത്തിരിക്കുന്നത്. ടി-20യില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ലാണ് വിരാടിന് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുന്നത്. വെറും ആറ് റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ഐതിഹാസിക നേട്ടത്തില്‍ വിരാടിന്റെ പേരും എഴുതിവെക്കപ്പെടും.

ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് മാത്രം താരമെന്ന നേട്ടവും ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതിനൊപ്പം വിരാടിന് തന്റെ പേരിന് നേരെ കുറിക്കാന്‍ സാധിക്കും.

2007ലാണ് വിരാട് തന്റെ ടി-20 കരിയര്‍ ആരംഭിച്ചത്. അന്നു മുതല്‍ ഇന്ന് വരെ 359 ഇന്നിങ്‌സില്‍ നിന്നും 11,994 റണ്‍സാണ് കുട്ടി ക്രിക്കറ്റില്‍ വിരാട് തന്റെ പേരില്‍ കുറിച്ചത്.

41.21 എന്ന ആവറേജിലും 133.42 എന്ന പ്രഹരശേഷിയിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടുന്നത് ഏഷ്യാ കപ്പില്‍ അഫ്ഗനെതിരെ 122* ആണ് മികച്ച സ്‌കോര്‍.

ടി-20 ഫോര്‍മാറ്റില്‍ എട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് 91 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1074 ബൗണ്ടറികളും 371 സിക്‌സറുകളുമാണ് ടി-20യില്‍ വിരാടിന്റെ സമ്പാദ്യം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 14,562

ഷോയ്ബ് മാലിക് – 13,010

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 12,454

അലക്‌സ് ഹെയ്ല്‍സ് – 12,277

ഡേവിഡ് വാര്‍ണര്‍ – 12,065

വിരാട് കോഹ്‌ലി – 11,994

ആരോണ്‍ ഫിഞ്ച് – 11,454

രോഹിത് ശര്‍മ – 11,156

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കുമടക്കം നാല് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് വിരാട് ബാറ്റേന്തിയിട്ടുള്ളത്.

അതേസമയം, ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കരീബിയന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലും സി.പി.എല്ലും, ബി.പി.എല്ലും ബി.ബി.എല്ലും അടക്കം വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി 32 ടീമുകള്‍ക്കായും രണ്ടാം സ്ഥാനത്തുള്ള ഷോയ്ബ് മാലിക് 28 ടീമുകള്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാകുമ്പോഴാണ് വിരാടിന്റെ ഈ നേട്ടത്തിന് പ്രസക്തിയേറുന്നത്.

ഒരുപക്ഷേ മറ്റ് ടി-20 ലീഗുകളിലും കളിച്ചിരുന്നെങ്കില്‍ ഈ നേട്ടം മുമ്പ് തന്നെ ഇന്ത്യന്‍ ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും മുന്‍ ഇന്ത്യന്‍ നായകനെ തേടിയെത്തും ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സും അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സും നേടുന്ന ആദ്യ താരം എന്ന ചരിത്ര റെക്കോഡാണ് ആര്‍.സി.ബി ഇതിഹാസത്തിന്റെ പേരില്‍ കുറിക്കപ്പെടുക.

Content highlight: IPL, Virat Kohli need 6 runs to complete 12,000 T20 runs

We use cookies to give you the best possible experience. Learn more