ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് വിരാട് കോഹ്‌ലി. ഐ.പി.എല്‍ 2024ലെ ഉദ്ഘാടന മത്സരത്തില്‍, തന്റെ 360ാം ഇന്നിങ്‌സില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരയാണ് വിരാട് തന്റെ 12,000ാം റണ്‍സ് നേടിയത്.
ഈ മത്സരത്തില്‍ വെറും ആറ് റണ്‍സ് നേടിയാല്‍ വിരാടിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ പന്തില്‍ സിംഗിള്‍ നേടിക്കൊണ്ടാണ് വിരാട് ഇന്നിങ്‌സ് ആരംഭിച്ചത്. തുടര്‍ന്നും സിംഗിളുകളിലൂടെയാണ് വിരാട് സ്‌കോര്‍ ഉയര്‍ത്തിയത്.
ഇതോടെ ഈ റെക്കോഡ് സ്വന്തമാക്കുന്ന ആറാമത് മാത്രം താരമെന്ന നേട്ടവും ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും വിരാട് തന്റെ പേരില്‍ കുറിച്ചു.
2007ലാണ് വിരാട് തന്റെ ടി-20 കരിയര്‍ ആരംഭിച്ചത്. 41.21 എന്ന ആവറേജിലും 133.42 എന്ന പ്രഹരശേഷിയിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടുന്നത്. ഏഷ്യാ കപ്പില്‍ അഫ്ഗനെതിരെ 122* ആണ് മികച്ച സ്‌കോര്‍.
ടി-20 ഫോര്‍മാറ്റില്‍ എട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് 91 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1074 ബൗണ്ടറികളും 371 സിക്സറുകളുമാണ് ടി-20യില്‍ വിരാടിന്റെ സമ്പാദ്യം.
(ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍)
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കുമടക്കം നാല് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് വിരാട് ബാറ്റേന്തിയിട്ടുള്ളത്.
അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആര്‍.സി.ബി എട്ട് ഓവറില്‍ 55/3 എന്ന നിലയിലാണ്. മികച്ച നിലയില്‍ ബാറ്റിങ് ആരംഭിച്ച ആര്‍.സിബിക്കായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി അടിച്ചുതകര്‍ത്തു. 23 പന്തില്‍ 35 റണ്‍സ് നേടി നില്‍ക്കവെ മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ രചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി താരം മടങ്ങി.