കാവേരിയില്‍ മുങ്ങി ഐ.പി.എല്‍; ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങളുടെ വേദി മാറ്റി
ipl 2018
കാവേരിയില്‍ മുങ്ങി ഐ.പി.എല്‍; ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങളുടെ വേദി മാറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th April 2018, 4:24 pm

ചെന്നൈ: കാവേരി നദീജല പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റി. ഇനി ആറ് ഹോം മത്സരങ്ങളാണ് ചെന്നൈയ്ക്ക് ശേഷിക്കുന്നത്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനിടെ ചെപ്പോക്കിലെ സ്റ്റേഡിയത്തിലേക്ക് പ്രതിഷേധക്കാര്‍ ഷൂ എറിയുകയും സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐ.പി.എല്‍ മടങ്ങിയെത്തിയത്.

Protesters being arrested and taken away by the police near Triplicane police station in Chennai on April 10, 2018.

നേരത്തെ വേദി മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സമയത്ത് തിരുവനന്തപുരത്തിനായിരുന്നു സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പകരം വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു.

Police personnel try to restrain protesters from shouting slogans inside the M.A. Chidambaram stadium in Chennai on April 10, 2018.


Read Also : ‘കണ്ടു പഠിക്കാം ഈ ടീം സ്പിരിറ്റ്’; ചെന്നൈ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍; ലാളിത്യത്തിന്റെ ഉദാഹരണമെന്ന് ക്രിക്കറ്റ് ലോകം


കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.