| Wednesday, 22nd March 2023, 8:36 pm

സൗത്ത് ആഫ്രിക്കയെ കോപ്പിയടിച്ച് ഐ.പി.എല്‍; നടത്താനൊരുങ്ങുന്നത് വിപ്ലവകരമായ മാറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരാനൊരുങ്ങി ബി.സി.സി.ഐ. ടോസിന് ശേഷം പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന തീരുമാനമാണ് പുതിയ സീസണില്‍ നടപ്പാക്കാനൊരുങ്ങുന്നത്.

നേരത്തെ, ടോസിന് മുമ്പ് തന്നെ ഇരുടീമിന്റെയും ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ പ്ലെയിങ് ഇലവന്റെ പട്ടിക പരസ്പരം കൈമാറണമായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടോസിന് ശേഷം മാത്രം പ്ലെയിങ് ഇലവന്റെ പട്ടിക കൈമാറിയാല്‍ മതിയെന്ന് പ്രമുഖ കായിക മാധ്യമമായ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയെ ഉദ്ധരിച്ച് വിവിധ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിക്കറ്റില്‍ ഇതിന് മുമ്പും ഈ തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗാണ് ഇത്തരത്തില്‍ ടോസിന് ശേഷം മാത്രം പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുന്ന നിയമം കൊണ്ടുവന്നത്.

മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകനും നിലവിലെ എസ്.എ 20 ചെയര്‍മാനുമായ ഗ്രെയം സ്മിത്താണ് ഈ നിയമം കൊണ്ടുവന്നത്. മത്സരത്തിന് മുമ്പ് ഇരുടീമും 13 താരങ്ങളുടെ പട്ടിക തയ്യാറാക്കി നിര്‍ത്തുകയും ടോസിന് ശേഷം ഫൈനല്‍ ഇലവനെ പ്രഖ്യാപിക്കുന്നതുമാണ് ഈ നിയമത്തിന്റെ സാധ്യതകള്‍.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ടീമുകള്‍ക്ക് ഏറെ ഗുണകരമായി ഭവിക്കും. പിച്ചിന്റെ സ്വഭാവവും ടോസിന്റെ ആനുകൂല്യവും മുതലെടുത്തുള്ള കണക്കുകൂട്ടലില്‍ ഒന്നുകൂടി മെച്ചപ്പെട്ട ഇലവനെ പ്രഖ്യാപിക്കുന്നതിന് ഇത് സഹായകരമാകും.

ഫുട്‌ബോളിലെ സബ്സ്റ്റിറ്റിയൂഷന് സമാനമായി ഇംപാക്ട് പ്ലെയര്‍ റൂളും ഇത്തവണ ഐ.പി.എല്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നുണ്ട്.

ഇതിന് പുറമെ മറ്റ് ചില നിയമങ്ങളും ഐ.പി.എല്‍ പുതിയ സീസണില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുണ്ട്.

– നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പക്ഷം തുടര്‍ന്നുള്ള ഓരോ ഡെലിവറിയിലും 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

– വിക്കറ്റ് കീപ്പര്‍ അന്യായമായി ചലിക്കുകയോ സ്ഥാനം മാറുകയോ ചെയ്താല്‍ അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കുകയും പന്ത് ഡെഡ് ബോളായി വിധിക്കപ്പെടുകയും ചെയ്യും.

– ഫീല്‍ഡര്‍ അന്യായമായി ചലിക്കുകയോ സ്ഥാനം മാറുകയോ ചെയ്താല്‍ അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കുകയും പന്ത് ഡെഡ് ബോളായി വിധിക്കപ്പെടുകയും ചെയ്യും, തുടങ്ങിയ നിയമങ്ങളാണ് ഐ.പി.എല്‍ 2023ല്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്.

Content Highlight: IPl to introduce new rules in 2023

We use cookies to give you the best possible experience. Learn more