ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ മുഖമുദ്രയായി മാറിയ ഫ്രാഞ്ചൈസി ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍. പല താരങ്ങളുടെ ഉദയത്തിനും ദേശീയ ടീമിലേക്കുള്ള കാല്‍വെപ്പിനും ഐ.പി.എല്‍ വഹിച്ച പങ്ക് ചില്ലറയല്ല.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പുറമെ സാമ്പത്തികമായി ബി.സി.സി.ഐക്ക് ഏറെ നേട്ടമുണ്ടാക്കിക്കൊടുക്കാനും ഐ.പി.എല്ലിന് സാധിച്ചിട്ടുണ്ട്. ഐ.പി.എല്ലിന്റെ മീഡിയ ലേലം മുതലിങ്ങോട്ട് ദശലക്ഷക്കണക്കിന് രൂപയാണ് ബി.സി.സി.ഐയുടെ കീശയിലെത്തുന്നത്.
ഇപ്പോഴിതാ, ഐ.പി.എല്ലില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സീസണില്‍ മത്സരങ്ങളുടെ എണ്ണമടക്കം വര്‍ധിപ്പിച്ചേക്കുമെന്നാണ് ബി.സി.സി.ഐയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിങ്ങനെ രണ്ട് പുതിയ ടീമുകള്‍ കൂടി ഉണ്ടായിരുന്നു. പുതിയ രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ഇത്തവണ മത്സരം അരങ്ങേറിയത്.
ഇതിന് പുറമെ മത്സരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരുന്നു. 74 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ കളിച്ചത്. തൊട്ടുമുമ്പുള്ള സീസണില്‍ 60 മത്സരം മാത്രമായിരുന്നു ലീഗ് ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ 2023 മുതലുള്ള അഞ്ച് വര്‍ഷത്തില്‍ (2023-2027) മത്സരങ്ങളുടെ എണ്ണം കാര്യമായി തന്നെ വര്‍ധിപ്പിക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. മത്സരം വര്‍ധിപ്പിക്കുക വഴി അധികവരുമാനവും ബി.സി.സി.ഐയുടെ കണക്കുകൂട്ടലിലുണ്ട്
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 -2027 സൈക്കിളിന്റെ ആദ്യ രണ്ട് വര്‍ഷത്തില്‍ (2023, 2024) 74 മത്സരവും അടുത്ത രണ്ട് വര്‍ഷത്തില്‍ (2025, 2026) 84 വീതം മത്സരവും അവസാനത്തെ സീസണില്‍ (2027) 94 മത്സരങ്ങളുമായി വര്‍ധിപ്പിക്കാനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഒരു സീസണില്‍ 84, 94 മത്സരങ്ങള്‍ വരുമ്പോള്‍ ഓരോ ടീമും എത്ര മത്സരം വീതം കളിക്കേണ്ടി വരും, എത്ര ഹോം മത്സരങ്ങള്‍, എത്ര എവേ മത്സരങ്ങള്‍ കളിക്കേണ്ടി വരും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഇപ്പോഴുള്ള പത്ത് ടീമുകളെ മാത്രം ഉള്‍പ്പെടുത്തിയാണോ മത്സരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത്, അതോ പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് ഇനിയും വിപുലീകരിക്കുമോ എന്നും വ്യക്തത വരാനുണ്ട്.
Content Highlight: IPL to increase the number of games in each season