കാലങ്ങള്‍ക്ക് ശേഷം ഐ.പി.എല്ലില്‍ സമാപന ചടങ്ങ് വീണ്ടുമെത്തുന്നു. കൊവിഡ് വന്നതിന് ശേഷം ഇതാദ്യമായാണ് ഐ.പി.എല്ലില്‍ സമാപന ചടങ്ങുകള്‍ ഒരുക്കുന്നത്.
മെയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് സമാപന ചടങ്ങുകളും ഫൈനല്‍ മത്സരവും നടക്കുന്നത്. ബോളിവുഡിലെ വന്‍ താരനിരയെത്തുന്ന പ്രൗഡഗംഭീരമായ ചടങ്ങാണ് ഇതിനായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് നടക്കുന്നത് എന്നതിനാല്‍ തന്നെ ആഘോഷങ്ങള്‍ പൊടിപൊടിക്കാനാണ് ബി.സി.സി.ഐയും ഒരുങ്ങുന്നത്.
സമാപനചടങ്ങ് നടക്കുന്നതിലാല്‍ ഐ.പി.എല്‍ മത്സരം തുടങ്ങാന്‍ വൈകും. സാധാരണയായി 7.30ന് നടക്കുന്ന മത്സരം മെയ് 29ന് 8 മണിക്കാണ് ആരംഭിക്കുക. 7.30നാണ് ടോസ്.
നേരത്തെ, ഉദ്ഘാടന ചടങ്ങുകള്‍ ഒന്നുമില്ലാതെയാണ് ഐ.പി.എല്‍ ആരംഭിച്ചത്. കൊവിഡ് ഭീതി മൂലം ടൂര്‍ണമെന്റ് നടക്കുമോ, ടൂര്‍ണമെന്റിനിടെ ടീമുകളിലെ കൊവിഡ് ബാധ ഐ.പി.എല്ലിന് വിലങ്ങുതടിയാവുമോ തുടങ്ങിയ ആശങ്കകളെല്ലാം അതിജീവിച്ചാണ് ഐ.പി.എല്‍ അതിന്റെ സമാപനത്തിലേക്കെത്തുന്നത്.
അതേസമയം, ഐ.പി.എല്‍ 2022ന്റെ ഗ്രൂപ്പ് ഘട്ടങ്ങള്‍ ഈ മാസം 22ന് അവസാനിക്കും. പോയിന്റ് പട്ടികയിലെ ആദ്യ നാല് ടീമാവും മുന്നോട്ട് കുതിക്കുന്നത്.
പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ടീമുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാളിഫയറില്‍ പരസ്പരം ഏറ്റുമുട്ടുകയും, ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.
പോയിന്റ് പട്ടികയിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റമുട്ടുകയും, ജയിക്കുന്ന ടീം ക്വാളിഫൈയറില്‍ തോറ്റ ടീമിനോട് മത്സരിക്കുകയും ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.
ഇതുവരെ രണ്ട് ടീം മാത്രമാണ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായെത്തിയ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് പ്ലേ ഓഫില്‍ കയറിയത്.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദല്‍ഹി ക്യാപ്പിറ്റല്‍സോ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമോ ആയിരിക്കും നാലാമത്തെ ടീം.