| Friday, 2nd June 2023, 10:42 am

വിരാടില്‍ തുടങ്ങി സഞ്ജുവിലൂടെ ക്രിസ് ഗെയ്ല്‍ വരെ; സ്‌പെഷ്യല്‍ ലിസ്റ്റില്‍ ഡി വില്ലിയേഴ്‌സും അമിത് മിശ്രയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം എഡിഷന് തിരശീല വീണിരിക്കുകയാണ്. വീണ്ടും കിരീടമില്ലാതെ വിരാട് കോഹ്‌ലിക്ക് പടിയിറങ്ങേണ്ടി വന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടമണിയിച്ചാണ് എം.എസ്. ധോണി കരുത്തുകാട്ടിയത്.

2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും ഒരു കിരീടം പോലും നേടാന്‍ സാധിക്കാത്ത താരമായി വിരാട് മാറിയിരിക്കുകയാണ്. കപ്പിനും ചുണ്ടിനുമിടയില്‍ പല തവണ കിരീടം നഷ്ടമായപ്പോഴും ആരാധകര്‍ അടുത്ത സാലാ കപ്പ് നംദേ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

വിരാട് മാത്രമല്ല, പല സീസണുകളിലായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടും കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ നിരവധി താരങ്ങളുണ്ട്. അവരെ പരിചയപ്പെടാം.

വിരാട് കോഹ്‌ലി

ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയാണ് പട്ടികയിലെ ഒന്നാമന്‍. യുവതാരമായും ക്യാപ്റ്റനായും വീണ്ടും ടീമില്‍ അംഗമായും 237 മത്സരങ്ങളാണ് വിരാട് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരിക്കല്‍പ്പോലും വിരാടിനോ ആര്‍.സി.ബിക്കോ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

എ. ബി. ഡി വില്ലിയേഴ്‌സ്

ആര്‍.സി.ബിയിലെ വിരാടിന്റെ സഹതാരമായ മിസ്റ്റര്‍ 360 തന്നെയാണ് പട്ടികയിലെ രണ്ടാമന്‍. ആദ്യ സീസണുകള്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായ ഡിവില്ലിയേഴ്‌സ്, തുടര്‍ന്ന് 2021ല്‍ പാഡഴിക്കുന്നത് വരെ ആര്‍.സി.ബിക്കൊപ്പമായിരുന്നു. മൂന്ന് തവണ ഫൈനല്‍ ഉള്‍പ്പെടെ 184 മത്സരങ്ങള്‍ കളിച്ചെങ്കിലും കപ്പുയര്‍ത്താനുള്ള ഭാഗ്യം സൂപ്പര്‍ താരത്തിന് ഇല്ലാതെ പോയി.

അമിത് മിശ്ര

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത് വിക്കറ്റ് വേട്ടക്കാരനായിട്ടും ഐ.പി.എല്‍ കിരീടമെന്ന മോഹം നേടിയെടുക്കാന്‍ അമിത് മിശ്രക്ക് സാധിച്ചിട്ടില്ല. 161 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുടനീളം മിശ്ര കളിച്ചത്.

സഞ്ജു സാംസണ്‍

വിരാടിനെയും ഡി വില്ലിയേഴ്‌സിനെയും പോലെ കയ്യകലത്ത് നിന്നും കിരീടം വഴുതി മാറുന്നത് നോക്കി നില്‍ക്കേണ്ടി വന്ന താരമാണ് സഞ്ജു സാംസണ്‍. 152 മത്സരത്തിന് ശേഷമിപ്പോഴും കിരീടത്തില്‍ കൈവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

യൂസ്വേന്ദ്ര ചഹല്‍

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് ടേക്കറായ ചഹല്‍ രണ്ട് തവണ കിരീടത്തിന് തൊട്ടടുത്തെത്തിയിരുന്നു. 2016ല്‍ ആര്‍.സി.ബിക്കൊപ്പവും 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഫൈനല്‍ കളിച്ചെങ്കിലും രണ്ട് തവണയും വിജയിക്കാന്‍ സാധിച്ചില്ല. 145 മത്സരങ്ങളാണ് ലീഗില്‍ ചഹല്‍ ഇതുവരെ കളിച്ചത്.

ക്രിസ് ഗെയ്ല്‍

ക്രിക്കറ്റ് ലെജന്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹാള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലിനും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 13 സീസണുകളിലായി പല ടീമുകളിലായി 142 മത്സരം കളിച്ച ഗെയ്‌ലിനും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല.

ഇവര്‍ക്ക് പുറമെ അക്‌സര്‍ പട്ടേല്‍ (136), മായങ്ക് അഗര്‍വാള്‍ (123), പ്രവീണ്‍ കുമാര്‍ (119), കെ.എല്‍ രാഹുല്‍ (118) എന്നിവരാണ് ഐ.പി.എല്ലില്‍ കൂടുതല്‍ മത്സരം കളിച്ചിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മറ്റ് താരങ്ങള്‍.

Content highlight: IPL stars to play most matches without winning a trophy

We use cookies to give you the best possible experience. Learn more