ഐ.പി.എല്ലിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സിന് 191 റണ്‍സ് വിജയലക്ഷ്യം. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി.
സൂപ്പര്‍ താരം ട്രാവിസ് ഹെഡ്, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഓറഞ്ച് ആര്‍മിക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ കാമിയോയും ടീം ടോട്ടലില്‍ നിര്‍ണായകമായിരുന്നു.
ആകെ നേരിട്ട നാല് പന്തില്‍ മൂന്നിലും സിക്‌സര്‍ നേടിയാണ് കമ്മിന്‍സ് തിളങ്ങിയത്.
17ാം ഓവറിലെ അഞ്ചാം പന്തിലാണ് കമ്മിന്‍സ് ആദ്യമായി സ്‌ട്രൈക്കിലെത്തിയത്. ഷര്‍ദുല്‍ താക്കൂര്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ലെങ്ത് ഡെലിവെറി ഡീപ്പ് ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെയാണ് ഗാലറിയിലെത്തിച്ച താരം ആദ്യ സിക്‌സര്‍ സ്വന്തമാക്കി. താക്കൂര്‍ വീണ്ടും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്‍ ടോസ് കമ്മിന്‍സ് ഒരിക്കല്‍ക്കൂടി അതിര്‍ത്തി കടത്തി.
ആവേശ് ഖാന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹര്‍ഷല്‍ പട്ടേല്‍ ക്യാപ്റ്റനെ വീണ്ടും സ്‌ട്രൈക്കിലെത്തിച്ചു. കമ്മിന്‍സിനെതിരെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഗുഡ് ലെങ്ത് ബോള്‍ ഇത്തവണ ലോങ് ഓഫിന് മുകളിലൂടെയാണ് ഗാലറിയിലേക്ക് പറന്നിറങ്ങിയത്.
വീണ്ടും അതേ ശൈലിയില്‍, പുതിയ തന്ത്രങ്ങളുമായി ആവേശ് പന്തെറിഞ്ഞപ്പോള്‍ ദിഗ്വേഷ് സിങ്ങിന്റെ കൈകളിലൊതുങ്ങി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. നാല് പന്തില്‍ 18 റണ്‍സുമായാണ് ക്യാപ്റ്റന്‍ പുറത്തായത്.
ഈ വെടിക്കെട്ടിന് പിന്നാലെ ഒരു റെക്കോഡും കമ്മിന്‍സ് സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്.
(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)
പാറ്റ് കമ്മിന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 18 (4) – 450.00
ആര്‍. അശ്വിന്‍ – പഞ്ചാബ് കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 17* (4) – 425.00
എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 12 (3) – 400.00
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4* (1) – 400.00
അതേസമയം, സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 191 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലാണ്. നിക്കോളാസ് പൂരന്റെ കരുത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്. 24 പന്തില്‍ 67 റണ്‍സുമായി പൂരനും 20 പന്തില്‍ 32 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രിസില്‍ തുടരുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.
Content Highlight: IPL: SRH vs LSG: Pat Cummins scored 3 sides in 4 balls