[share]
[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ. അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി.
മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടുവെന്നും മത്സരവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാമുള്ള വിവരങ്ങള്‍ വാതുവയ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ജസ്റ്റിസ് എ.കെ. പട്‌നായിക് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐ.യ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
170 പേജുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് ഏഴിന് സുപ്രീംകോടതി പരിഗണിക്കും.
വാതുവയ്പില്‍ ആരോപണവിധേയനായ രാജസ്ഥാന്‍ റോയല്‍സ് സഹഉടമയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ , വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
വാതുവയ്പും അഴിമതി ആരോപണങ്ങളും അന്വേഷിക്കുന്നതിന് വിരമിച്ച സൈനികോദ്യഗസ്ഥനെയോ പൊലീസ് ഓഫീസര്‍മാരെയോ ബി.സി.സി.ഐ സ്ഥിരമായി നിയോഗിക്കണം.
എന്‍.ശ്രീനിവാസന്‍ ബി.സി.സിഐ അദ്ധ്യക്ഷ സ്ഥാനവും ഐ.പി.എല്‍ ടീമിന്റെ ഉടമസ്ഥതയും വഹിക്കുന്നത് സംബന്ധിച്ച വിഷയം കോടതി പരിഗണിച്ച് തീരുമാനം എടുക്കണമെന്നും മുദ്ഗല്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.
ബി.സി.സി.ഐ. നിയോഗിച്ച രണ്ടംഗ ജുഡിഷ്യല്‍ സമിതി മെയ്യപ്പനെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.