ഐ.പി.എല്ലിന്റെ മില്ലേനിയം മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും വാംഖഡെയില്‍ വെച്ച് കൊമ്പുകോര്‍ത്തിരുന്നു. റണ്‍ മഴ പിറന്ന മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിന്റെ ഭാഗമായത്.
മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ പിറന്നാള്‍ ദിവസത്തില്‍ കൂടിയായിരുന്നു മത്സരം നടന്നത്. എന്നാല്‍ മോശം ഫോമില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന രോഹിത്തിന് വലിയ തിരിച്ചടിയായിരുന്നു രാജസ്ഥാന്‍ നല്‍കിയത്.
നേരിട്ട അഞ്ച് പന്തില്‍ നിന്നും വെറും മൂന്ന് റണ്‍സ് മാത്രം നേടിയാണ് രോഹിത് ശര്‍മ പുറത്തായത്. സ്റ്റാര്‍ പേസറായ സന്ദീപ് ശര്‍മയുടെ നക്ക്ള്‍ ബോളിന് മുമ്പില്‍ ഉത്തരമില്ലാതെയായിരുന്നു രോഹിത്തിന്റെ മടക്കം. സന്ദീപിന്റെ സ്ലോ ഡെലിവെറി തന്റെ ബെയ്ല്‍സിനെ തഴുകിയെടുക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഹിറ്റ്മാന് സാധിച്ചത്.
എന്നാല്‍ രോഹിത്തിന്റെ പുറത്താവലിന് പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നാകെ സഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളും മുമ്പ് തന്നെ സഞ്ജു കൈ കൊണ്ട് ബെയ്ല്‍സ് തട്ടിയിട്ടതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കൈകൊണ്ടല്ല, കാലുകൊണ്ടാണ് സഞ്ജു വിക്കറ്റ് ഇളക്കിയതെന്നും ചിലര്‍ വാദിച്ചു. തങ്ങളുടെ വാദത്തെ സാധൂകരിക്കാനായി വിവധ ആംഗിളുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇവര്‍ പങ്കുവെച്ചിരുന്നു.
സഞ്ജുവിന്റെ പ്രവര്‍ത്തി ക്രിക്കറ്റ് സ്പിരിറ്റിന് നിരക്കാത്തതാണെന്നും ജയിക്കാന്‍ വേണ്ടി എന്ത് നാണംകെട്ട പ്രവൃത്തിക്കും സഞ്ജ മുതിരുന്നു എന്നടക്കം ചര്‍ച്ചകളുയര്‍ന്നിരുന്നു.
നിരവധി സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് മത്സരത്തിലെ ഓരോ നിര്‍ണയവും സ്വീകരിക്കുന്ന കാര്യം പോലും മറന്നുകൊണ്ടായിരുന്നു ഇവര്‍ സഞ്ജുവിനെതിരെ ആക്രമണമഴിച്ചുവിട്ടത്.
എന്നാല്‍ ഐ.പി.എല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സന്ദീപിന്റെ ഡെലിവെറി രോഹിത്തിനെ പുറത്താക്കുന്ന സമയത്ത് സഞ്ജു വിക്കറ്റില്‍ നിന്നും ദൂരെയാണെന്നും ഒരിക്കലും സഞ്ജു ബെയ്ല്‍സ് തട്ടിയിട്ടില്ലെന്നും വീഡിയോയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
ഇതോടെ സഞ്ജുവിനെ തല്ലാനുപയോഗിച്ച വടിയെടുത്ത് താരത്തിന്റെ ആരാധകര്‍ വിമര്‍ശകരെ തിരിച്ച് തല്ലുകയാണ്.
കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ പത്ത് പോയിന്റാണ് രാജസ്ഥാനുള്ളത്. പോയിന്റ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കും പത്ത് പോയിന്റ് വീതമാണ് ഉള്ളതെന്നതാണ് രസകരമായ വസ്തുത.
സീസണിന്റെ പകുതി അവസാനിച്ചതോടെ ഏതൊക്കെ ടീം പ്ലേ ഓഫിലേക്ക് കടക്കുമെന്നതിനെ കുറിച്ചുള്ള പൂര്‍ണ ചിത്രം ഇനിയും ലഭ്യമായിട്ടില്ല. അവസാന സ്ഥാനങ്ങളിലുള്ളവര്‍കര്‍ക്ക് പോലും പ്ലേ ഓഫിന് വിദൂര സാധ്യത കല്‍പിക്കുന്നതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഇഞ്ചോടിഞ്ചായിരിക്കുമെന്നുറപ്പാണ്.
Content highlight: IPL shares new video of Rohit Sharma’s dismissal