[]മുംബൈ: ഐപിഎല്‍ വാതുവയ്പ്പു കേസില്‍ മുംബൈ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീം ഉടമയും ബിസിസിഐ അധ്യക്ഷനുമായ എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, ബോളിവുഡ് താരം വിധുധാരാ സിങ്, പാക്കിസ്താന്‍ അമ്പയര്‍ ആസാദ് റൗഫ് എന്നിവരുടെ പേര് കൂറ്റപത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവരെക്കൂടാതെ ഇന്ത്യയിലെയും പാക്കിസ്താനിലെയും നിരവധി വാതുവെപ്പുകാരെ കുറിച്ചും കേസന്വേഷിച്ച് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
11,500 പേജുള്ള കുറ്റപത്രം മുംബൈ ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ഫോണ്‍ സംഭാഷണങ്ങള്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്നീ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മെയ്യപ്പനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
വാതുവെപ്പ് ആരോപണത്തെതുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ മെയ്യപ്പനെയും വിധുധാരാസിങ്ങിനെയുെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത സുഹൃത്തായ വിധുവിനോടൊപ്പം ഐ.പി.എല്ലില്‍ വലിയ തോതില്‍ വാത് വെപ്പ് നടത്തിയെന്നാണ് മെയ്യപ്പനെതിരെ ഉയര്‍ന്ന് പ്രധാന ആരോപണം.
മെയ്യപ്പനു വേണ്ടി വിധുവായിരുന്നു വാത് വെപ്പ് നടത്തിയിരുന്നതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വാത് വെയ്പ്പ കേസില്‍ മരുമകനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എന്‍ ശ്രീനിവാസന് ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍.