[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് നടന്‍ വിന്ദുധാരാസിങ്ങിനും ജാമ്യം ലഭിച്ചു. []
മുംബൈയിലെ കില്ല കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും ക്രൈം ബ്രാഞ്ച് ഓഫീസില്‍ ആഴ്ച്ചയില്‍ രണ്ട് തവണ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥയിലെ നിബന്ധനകള്‍.
ഇതേ കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സാകേത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇരുവരെയും ഈ മാസം 14ാം തിയ്യതി വരെ മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കഴിഞ്ഞമാസം 21 നാണ് വിന്ദു ധാരാസിംഗിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മെയ്യപ്പന്‍ പിടിയിലാകുന്നത്.
വിന്ദു ധാരാസിങ്ങാണ് തന്നെ വാതുപ്പിലേക്ക് കൊണ്ടുവന്നതെന്ന് ഗുരുനാഥ് മെയ്യപ്പന്‍ പോലീസില്‍ മൊഴിനല്‍കിയിരുന്നു.
ഐ.പി.എല്‍. മത്സരം നടക്കുന്ന സമയത്ത് വിന്ദുവും മെയ്യപ്പനുമായി നടന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ ചോദ്യങ്ങള്‍ക്കും തനിക്കറിയില്ല എന്നുപറഞ്ഞ് ചെന്നൈ ടീം ഉടമയായ മെയ്യപ്പന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍, പിന്നീട് താന്‍ വാതുവെച്ചിരുന്നുവെന്ന് മെയ്യപ്പന്‍ പോലീസിനോട് സമ്മതിച്ചു.
മെയ്യപ്പനുമായുള്ള അടുത്തബന്ധമാണ് വിന്ദുവിന് ക്രിക്കറ്റ് ടീം അംഗങ്ങളുമായി അടുത്ത് ഇടപഴകാന്‍ സാധിച്ചതും അതുവഴി ഇവരെ വാതുവെപ്പിന് ഉപയോഗപ്പെടുത്താനും കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.
മുംബൈയിലെ ലോഖണ്ഡാവാലയില്‍ താമസിക്കുന്ന രണ്ട് മോഡലുകള്‍ വിന്ദുവിനും മെയ്യപ്പനുമിടിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ വിന്ദു ചെന്നൈയിലേക്ക് മെയ്യപ്പനെ കാണാന്‍ അയയ്ക്കുകയുമുണ്ടായി.
വെള്ളിയാഴ്ച രാത്രി മെയ്യപ്പനെ രണ്ടര മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ്യപ്പന് വാതുവെപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോയന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് അറിയിച്ചു.