ഐ.പി.എല്‍ വാതുവെപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം, ശ്രീനിവാസനെ തുടരാനനുവദിക്കണം: ബി.സി.സി.ഐ
DSport
ഐ.പി.എല്‍ വാതുവെപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം, ശ്രീനിവാസനെ തുടരാനനുവദിക്കണം: ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th April 2014, 12:14 pm

[share]

[] ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്ന് ബി.സി.സി.ഐ. പകരം കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. മുകുള്‍ മുദ്ഗല്‍ സമിതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അന്വേഷണം  തീരും വരെ ശ്രീനിവാസനെ അധ്യക്ഷ സ്ഥാനത്ത് തുടരാനനുവദിക്കണമെന്നും ബി.സി.സി.ഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അതേ സമയം ഐ.പി.എല്‍ വാതുവെപ്പില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐയുടേയും മുംബൈ, ദല്‍ഹി പോലീസിന്റേയും സഹായം ഇതിന് ആവശ്യമാണെന്നും മുകുള്‍ മുദ്ഗല്‍ സമിതി സുപ്രീംകോടതിയില്‍ അറിയിച്ചു. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും മുദ്ഗല്‍ സമിതി പറഞ്ഞു.

ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെതിരെയും 12 കളിക്കാര്‍ക്കെതിരെയും വാതുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ സമിതിയെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രീം വിധി പറയല്‍ മാറ്റിവെച്ചിരിക്കുകയാണ്.

നേരത്തെ ബി.സി.സി.ഐ അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി നിരാകരിച്ചിരുന്നു. ഏപ്രില്‍ 20ന് ചേര്‍ന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി യോഗമാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി, സി.ബി.ഐ മുന്‍ മേധാവി ആര്‍.കെ രാഘവന്‍, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്.

എന്നാല്‍ അന്വേഷണത്തിന് ബി.സി.സി.ഐ നിയമിച്ച മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുദ്ഗല്‍ കമ്മിറ്റിയെ കൊണ്ട് തുടരന്വേഷണം നടത്തുന്ന കാര്യം  ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിശോധിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയുടെ നാല് മാസത്തെ അന്വേഷണത്തില്‍ 13 പേരെയാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി പത്തിനായിരുന്നു സമിതി റിപ്പാര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.