ഐ.പി.എല്‍ ഒത്തുകളി അന്വേഷണം: മുംബൈയിലേക്കില്ലെന്ന് പാക്ക് അമ്പയര്‍
DSport
ഐ.പി.എല്‍ ഒത്തുകളി അന്വേഷണം: മുംബൈയിലേക്കില്ലെന്ന് പാക്ക് അമ്പയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2013, 5:21 pm

[]കറാച്ചി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട പാക്ക് അമ്പയര്‍ ആസാദ് റഹൂഫ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് വരില്ലെന്ന വ്യക്തമാക്കി.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് കേസന്വേഷിച്ച മുംബൈ പോലീസ് കഴിഞ്ഞ ആഴ്ച റഹൂഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് വരാനുള്ള സാധ്യതയാണ് റഹുഫ് തള്ളിക്കളഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്കില്ലെന്ന് റഹൂഫ് പി.ടി.ഐയോട് പറഞ്ഞു.

ഇന്ത്യന്‍ കോടതിയില്‍ പുര്‍ണ്ണവിശ്വാസമുണ്ട്. എന്നാല്‍ ആ വിശ്വാസം മുംബൈ പോലീസിന് മുകളിലില്ല. തന്നെ വ്യക്തമായി തെളിവുകളില്ലാതെയാണ് മുംബൈ പോലീസ് കേസിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റഹൂഫ് ആരോപിച്ചു.

തെളിവുകളുണ്ടെങ്കില്‍ അത് കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ റഹൂഫ് മുംബൈ പോലീസിനെ വെല്ലുവിളിച്ചു.

വാത് വെപ്പുകാരില്‍ നിന്ന് പ്രതിഫലമായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചെന്ന് പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് താന്‍ സമ്മാനങ്ങള്‍ ഒന്നും വാങ്ങിയില്ലെന്ന നിലപാടാണ് റഹൂഫിന്റേത്.

തനിക്ക് സമ്മാനങ്ങള്‍ നല്‍കിയത് അടുത്ത സുഹൃത്തുക്കള്‍ ആണെന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് കുറ്റമല്ലെന്നുമാണ് റഹൂഫിന്റെ നിലപാട്.

അതേസമയം ഐ.സി.സിയുടെ ഏത് അന്വേഷണവുമായയും പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും റഹുഫ് പറഞ്ഞു. ഇക്കാര്യങ്ങള്‍ തന്റെ അഭിഭാഷകരുമായി സംസാരിച്ചിരുന്നെന്നും റഫൂഫ് വ്യക്തമാക്കി.

ഐ.സി.സി യുടെ എലൈറ്റ് പാനല്‍ അമ്പയര്‍മാരില്‍ ഉള്‍പ്പെട്ടയാളായിരുന്നു ആസാദ് റഹൂഫ്. എന്നാല്‍ ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ റഹൂഫിെന്റ പേരും ഉയര്‍ന്ന് കേട്ടതോടെ റഹൂഫിന്റെ ഗ്രാഫ് താഴ്ന്നു തുടങ്ങി.

ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്നീട് ഐ.സി.സിയുടെ എലൈറ്റ് പാനലില്‍ നിന്നും റഹൂഫ് ഒഴിവാക്കപ്പെട്ടു.