| Friday, 13th December 2024, 3:28 pm

രാജസ്ഥാന് വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടോ എന്നായി ചോദ്യം, ഞാന്‍ മിടുക്കനാണെന്ന് എനിക്ക് തന്നെ തോന്നി: സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

വീണ്ടും ഒരു ഐ.പി.എല്ലിന് ആരവമുയരുകയാണ്. ടൂര്‍ണമെന്റിന് ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും മെഗാ താരലേലത്തിന് പിന്നാലെ ഓരോ ടീമിന്റെയും ആരാധകര്‍ ഇപ്പോഴേ ആവേശത്തിലാണ്. തങ്ങളുടെ സ്‌ക്വാഡിലെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ ഒരുക്കിയും കണക്കുകൂട്ടലുകള്‍ നടത്തിയും ആരാധകര്‍ ഇപ്പോഴേ ഐ.പി.എല്ലിനൊരുങ്ങിയിരിക്കുകയാണ്.

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സും ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനിലും താരലേലത്തിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും മോശമല്ലാത്ത സ്‌ക്വാഡിനെ തന്നെ പടുത്തുയര്‍ത്താന്‍ ടീമിന് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസില്‍ തന്നെയാണ് ഇത്തവണയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാനൊപ്പമുള്ള സഞ്ജുവിന്റെ പത്താം സീസണാണിത്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ സാംസണ്‍ 2013ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ആ സീസണില്‍ കളിച്ച 11 മത്സരത്തിലെ പത്ത് ഇന്നിങ്സില്‍ നിന്നും നേടിയത് 115.73 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സ്.

സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ തേടി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവുമെത്തിയിരുന്നു.

എങ്ങനെയാണ് താന്‍ രാജസ്ഥാന്റെ ഭാഗമായതെന്ന് പറയുകയാണ് സഞ്ജു സാംസണ്‍. ശ്രീശാന്താണ് തന്നെ രാജസ്ഥാന്റെ ട്രയല്‍സിനായി കൊണ്ടുപോയതെന്നും രാഹുല്‍ ദ്രാവിഡും പാഡി അപ്ടണും ചേര്‍ന്നാണ് തന്നെ സെലക്ട് ചെയ്തതെന്നും സഞ്ജു പറയുന്നു. മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് സഞ്ജു രാജസ്ഥാനിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സംസാരിച്ചത്.

‘ശ്രീശാന്താണ് എന്നെ രാജസ്ഥാന്റെ ട്രയല്‍സിന് കൊണ്ടുപോയത്. രാഹുല്‍ ദ്രാവിഡും പാഡി അപ്ടണും അവിടെയുണ്ടായിരുന്നു. അവര്‍ ഏത് തരത്തിലുള്ള താരങ്ങളെയാണ് അന്വേഷിക്കുന്നതെന്ന എനിക്ക് അറിയില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ അധികം പ്രതീക്ഷയൊന്നും വെച്ചിരുന്നില്ല.

അന്ന് നെറ്റ്സില്‍ കളിച്ചതുപോലെ പിന്നീടൊരിക്കലും ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല. അതിനുശേഷം രാഹുല്‍ സാര്‍ എന്റെയടുത്ത് വന്ന് ‘നീ വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. നിനക്ക് ആര്‍.ആറിന് (രാജസ്ഥാന്‍ റോയല്‍സ്) വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടോ?’ എന്ന് ചോദിച്ചു.

രാഹുല്‍ സാറാണ് ഇത് പറഞ്ഞത് എന്നത് എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണ് നല്‍കിയത്. ‘ഇവന്‍ മിടുക്കനാണ്, ഇവന്‍ മതി’ എന്ന് അദ്ദേഹത്തെ പോലെ ഒരു ഇതിഹാസ താരം പറയുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങനെയായിരിക്കാം എന്നെനിക്ക് തോന്നി,’ സഞ്ജു ഓര്‍ത്തെടുത്തു.

തുടര്‍ന്ന് മൂന്ന് സീസണുകളില്‍ റോയല്‍സിനൊപ്പം ബാറ്റേന്തിയ സഞ്ജു, രാജസ്ഥാന് വിലക്ക് ലഭിച്ച രണ്ട് സീസണില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് തട്ടകം മാറ്റിയിരുന്നു. ദല്‍ഹിയിലെ രണ്ട് സീസണിന് ശേഷം താരം വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തി.

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന് ഫൈനലിലെത്തിച്ച സഞ്ജുവിന് പക്ഷേ രാജസ്ഥാന് വേണ്ടി കിരീടം നേടാന്‍ മാത്രം സാധിച്ചിരുന്നില്ല. പലപ്പോഴും പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും കിരീടമെന്നത് എല്ലായ്‌പ്പോഴും അകന്നുനിന്നു.

എന്നാല്‍ പുതിയ സീസണില്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Sanju Samson on being a part of Rajasthan Royals

We use cookies to give you the best possible experience. Learn more