IPL
അവന് റിഷബ് പന്തിനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് അറിയാവുന്നത് കൊണ്ടാണ് 27 കോടി കൊടുത്തത്: ലഖ്‌നൗ ഉടമ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 12, 10:05 am
Thursday, 12th December 2024, 3:35 pm

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിഷബ് പന്തിനെ ടീമിലെത്തിച്ചത്. 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ എകാന സ്പോര്‍ട്സ് സിറ്റിയിലെത്തിച്ചത്.

കെ.എല്‍. രാഹുലുമായി ടീം ഉടമ സഞ്ജീവ് ഗോയങ്കേയുടെ വാക്കുതര്‍ക്കത്തിന് പിന്നാലെ പുതിയ സീസണിന് മുന്നോടിയായി താരം ടീം വിടുകയും ചെയ്തതോടെ ക്യാപ്റ്റനെ കൂടിയായിരുന്നു ആരാധകര്‍ ലേലത്തില്‍ കാത്തിരുന്നത്.

ലേലത്തില്‍ റിഷബ് പന്തിനെ സ്വന്തമാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമയായ സഞ്ജീവ് ഗോയങ്കെ. രണ്‍വീര്‍ കാ അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്) ശ്രേയസിനായി (ശ്രേയസ് അയ്യര്‍) 26.5 കോടി വരെ ബിഡ് ചെയ്തിരുന്നു. അതായത് അവരുടെ നമ്പര്‍ വണ്‍ താരത്തിനായി അവരുടെ കയ്യില്‍ അത്രത്തോളം ബജറ്റ് ഉണ്ടായിരുന്നു.

പാര്‍ത്ഥിന് (പാര്‍ത്ഥ് ജിന്‍ഡാല്‍) റിഷബ് പന്തിനോട് അത്രത്തോളം ഇഷ്ടമുണ്ട് എന്നതിനാല്‍ ശ്രേയസിന് വേണ്ടി ചെലവാക്കിയതിനേക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്ന തുക അവര്‍ പന്തിനായി ചെലവഴിക്കുമെന്ന് എനിക്ക് തോന്നി.

ലേലത്തുക ഏതാണ്ട് 21-22 കോടിയെത്തിയപ്പോള്‍ ദല്‍ഹി ഉടന്‍ തന്നെ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിച്ചു. പന്തിനായി ഏതറ്റം വരെ അവര്‍ പോകും എന്നതിന്റെ തെളിവായിരുന്നു അത്. റിഷബ് പന്തിനെ അവര്‍ എന്തുകൊണ്ട് റിറ്റെയ്ന്‍ ചെയ്തില്ല എന്ന് ആലോചിക്കാനുള്ള സമയമല്ല.

അവര്‍ കുറച്ച് സമയമെടുത്ത് ചര്‍ച്ച ചെയ്തതിന് ശേഷമാണ് ആര്‍.ടി.എമ്മിനായി പാഡ്ല്‍ ഉയര്‍ത്തിയിരുന്നതെങ്കില്‍ അത് മറ്റൊരു കാര്യമായിരുന്നു. എന്നാല്‍ ഇവിടെ അങ്ങനെ ആയിരുന്നില്ല, അവര്‍ വളരെ വേഗം തന്നെ പാഡ്ല്‍ ഉയര്‍ത്തി. ഓക്ഷന്‍ ടേബിളില്‍ ഇരിക്കുമ്പോള്‍ ഇതെല്ലാം നമ്മള്‍ നിരീക്ഷിക്കേണ്ടതുണ്ട്,’

മെഗാ താര ലേലത്തില്‍ ആദ്യ സെറ്റിലെ അവസാന പേരുകാരനായാണ് റിഷബ് പന്ത് എത്തിയത്. ലേലനടപടികള്‍ നിയന്ത്രിച്ചിരുന്ന മല്ലിക സാഗര്‍ പന്തിന്റെ പേര് പ്രഖ്യാപിച്ചതുമുതല്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും പഞ്ചാബ് ആരാധകരുമാണ് പന്തിനായി പ്രധാനമായും ആര്‍പ്പുവിളിച്ചത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനെ ടീമിലെത്തിക്കാന്‍ മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്‌നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്‌നൗവും മാത്രമായി.

ലഖ്‌നൗവിന്റെ 20.75 കോടിക്ക് ഉത്തരമില്ലാതെ ഹൈദരാബാദും പിന്‍മാറിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ‘ബാറ്റില്‍ സ്ട്രാറ്റജിസ്റ്റ്’ കിരണ്‍ ഗാന്ധി ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു. ഇതോടെ പുതിയ തുക പ്രഖ്യാപിക്കാന്‍ ലഖ്‌നൗ നിര്‍ബന്ധിതരാവുകയും 27 കോടിയെന്ന റെക്കോഡ് ഫിഗര്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

Content Highlight: IPL: Sanjiv Goenke about picking Rishabh Pant in the mega auction