ഐ.പി.എല്ലില്‍ ടീമുകളെയും താരങ്ങളെയുമെന്ന പോലെ ഓരോ ടീമിന്റെയും തീം സോങ്ങുകള്‍ക്കും പ്രത്യേക ഫാന്‍ബേസുണ്ട്. ആരാധകര്‍ക്ക് ടീമിനോടുള്ള ബോണ്ടിങ് വര്‍ധിപ്പിക്കാന്‍ ഇത്തരം തീം സോങ്ങുകള്‍ക്കും ചാന്റുകള്‍ക്കും സാധിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ‘നമ്മ ഊര് ചെന്നൈക്ക് പെരിയ വിസില്‍ അടിങ്കേ… നമ്മ തല ധോണീക്ക് പെരിയ വില്‍ അടീങ്കേ..’ എന്ന പാട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ‘കോര്‍ബോ ലോര്‍ബോ ജീത്‌ബോ രേ’യും രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ‘ഹല്ലാ ബോലു’മെല്ലാം ഇത്തരത്തില്‍ ഏറെ ആരാധകപ്രീതി നേടിയ തീം സോങ്ങുകളാണ്.
ഇപ്പോള്‍ ഐ.പി.എല്ലില്‍ തന്റെ ഇഷ്ടപ്പെട്ട ടീം ആന്തമിനെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഇന്ത്യന്‍ സൂപ്പര്‍ താരവും ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ.
താന്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ തീം സോങ്ങാണ് തനിക്ക് ഏറെ ഇഷ്ടമെന്നാണ് രോഹിത് പറയുന്നത്. ഡെക്കാന്‍ നായകനായ ആദം ഗില്‍ക്രിസ്റ്റിന്റെ യൂ ട്യൂബ് ചാനലായ ക്ലബ്ബ് പ്രയറി ഫയറില്‍ പങ്കെടുത്തുകൊണ്ടാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ഡെക്കാന്‍ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും റീയൂണിയനില്‍ ടീമിനെ കിരീടം ചൂടിച്ച ആദം ഗില്‍ക്രിസ്റ്റ് ‘തും ബോള്‍ ഡാലേംഗേ ഹം ജാന്‍ ഡാലേംഗേ…’ എന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ തീം സോങ് പ്ലേ ചെയ്യുകയും എല്ലാവരും അത് ആസ്വദിക്കുകയുമായിരുന്നു.
‘ഇപ്പോഴുള്ള ഐ.പി.എല്‍ ടീമുകളുടെ തീം സോങ്ങുകളൊന്നും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പാട്ടിന്റെ അടുത്തുപോലും എത്തില്ല. ഇനിക്കിപ്പോഴും ആ പാട്ട് ഓര്‍മയുണ്ട്,’എന്നാണ് രോഹിത് ഡെക്കാന്റെ തീം സോങ്ങിനെ കുറിച്ച് പറഞ്ഞത്.
2009ലാണ് രോഹിത് ശര്‍മ ആദ്യമായി ഐ.പി.എല്‍ കിരീടമണിയുന്നത്. ടീമിന്റെ ഉപനായകനെന്ന ചുമതലയേറ്റുകൊണ്ടാണ് രോഹിത് ടീമിനൊപ്പം കിരീടത്തിലേക്ക് നടന്നുകയറിയത്.
രോഹിത് ശര്‍മ ഇന്ന് കാണുന്ന സൂപ്പര്‍ താരമായി മാറുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അന്നത്തെ കൊച്ചുപയ്യനെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാനുള്ള ഗില്‍ക്രിസ്റ്റിന്റെ തീരുമാനമായിരുന്നു.
ഡെക്കാനൊപ്പം പല ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ രോഹിത് നേടിയ ഏക ഹാട്രിക്കും ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു. ആ നേട്ടം സ്വന്തമാക്കിയതാകട്ടെ തന്റെ ഭാവി ടീമായ മുംബൈ ഇന്ത്യന്‍സിനെതിരെയും.
ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണിലും ഡെക്കാന്റെ നെടുംതൂണായി നിന്ന രോഹിത് 2011ലാണ് ടീം വിടുന്നത്. ശേഷം തൊട്ടടുത്ത സീണിന്റെ അവസാനത്തോടെ ഡെക്കാന്‍ ചാര്‍ജേഴ്‌സും ഐ.പി.എല്ലിനോട് വിടപറഞ്ഞിരുന്നു.
Content Highlight: IPL: Rohit Sharma about Deccan Chargers’ theme song