റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍, ഇന്ത്യന്‍ ടീമില്‍ ഇവനെ വൈകാതെ കാണാം
IPL
റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍, ഇന്ത്യന്‍ ടീമില്‍ ഇവനെ വൈകാതെ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th May 2024, 7:39 pm

ഐ.പി.എല്‍ 2024ല്‍ എല്ലാ ടീമുകളും ഇതിനോടകം പത്ത് മത്സരം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റ് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടീമിന് പോലും ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒറ്റ വിജയം കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് തോല്‍വിയുമായി 14 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും 12 പോയിന്റ് വീതമാണുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദാണ് നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍. പത്ത് മത്സരത്തില്‍ നിന്നും 509 റണ്‍സാണ് താരം നേടിയത്. പത്ത് മത്സരത്തില്‍ നിന്നും 500 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് രണ്ടാമത്.

 

 

എന്നാല്‍ അണ്‍ക്യാപ്ഡ് താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം റിയാന്‍ പരാഗാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 409 റണ്‍സാണ് താരം നേടിയിരിക്കുന്നത്.

58.42 എന്ന മികച്ച ശരാശരിയിലും 159.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്. നാല് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ പരാഗിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 84* ആണ്.

ഐ.പി.എല്‍ 2024ല്‍ ഏറ്റവുമധികം റണ്‍സ് നേടിയ അണ്‍ക്യാപ്ഡ് താരങ്ങള്‍ (ആദ്യ പത്ത് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – 409

അഭിഷേക് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 315

ശശാങ്ക് സിങ് – പഞ്ചാബ് കിങ്‌സ് – 288

പ്രഭ്‌സിമ്രാന്‍ സിങ് – പഞ്ചാബ് കിങ്‌സ് – 221

നിതീഷ് കുമാര്‍ റെഡ്ഡി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 219

അതേസമയം, മെയ് ഏഴിന് നടക്കുന്ന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പരാഗും രാജസ്ഥാന്‍ റോയല്‍സും. മെയ് ഏഴിന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

 

 

Content Highlight: IPL: Riyan Parag tops the list of top run getters in IPL 2024 so far