25 കോടിക്കാരനാണ് വേള്‍ഡ് കപ്പ് ഹീറോയാണ് എന്നൊന്നും നോക്കാതെ അടിച്ചൊതുക്കി റിങ്കു; ഐ.പി.എല്ലിന് തയ്യാര്‍
IPL
25 കോടിക്കാരനാണ് വേള്‍ഡ് കപ്പ് ഹീറോയാണ് എന്നൊന്നും നോക്കാതെ അടിച്ചൊതുക്കി റിങ്കു; ഐ.പി.എല്ലിന് തയ്യാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th March 2024, 11:43 am

ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാന്‍ ഉറച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്. മെന്ററുടെ റോളില്‍ ഗൗതം ഗംഭീര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ തിരിച്ചെത്തിയതും താരലേലത്തില്‍ പല വമ്പന്‍ താരങ്ങളെയും സ്വന്തമാക്കിയതും നൈറ്റ് റൈഡേഴ്‌സിന്റെ സാധ്യതകളേറ്റുന്നു.

ഐ.പി.എല്ലിന് മുമ്പ് നെറ്റ് സെഷനുകളും പ്രാക്ടീസ് മാച്ചുകളുമായി കൊല്‍ക്കത്ത കിരീടം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രാക്ടീസ് മാച്ചിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്. ടീം ഗോള്‍ഡും ടീം പര്‍പ്പിളും തമ്മിലുള്ള രണ്ടാം മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്.

മത്സരത്തില്‍ ടീമിന്റെ വിശ്വസ്തനായ റിങ്കു സിങ് മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടുന്ന വീഡിയോയാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. 24.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സ്റ്റാര്‍ക്കിനെ അനായാസമാണ് റിങ്കു നേരിടുന്നത്.

സ്റ്റാര്‍ക്കിന്റെ എക്‌സ്പീരിയന്‍സിനെ തന്റെ ആത്മവിശ്വാസം കൈമുതലാക്കി നേരിട്ട റിങ്കു സിക്‌സറുകളും ഫോറുമായി കളം നിറഞ്ഞാടിയിരുന്നു.

എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്കും മനീഷ് പാണ്ഡേ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ മത്സരത്തില്‍ തിളങ്ങി.

അതേസമയം, നിലവില്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച് മൂന്ന് മത്സരങ്ങളാണ് നൈറ്റ് റൈഡേഴ്‌സിന് കളിക്കാനുള്ളത്.

മാര്‍ച്ച് 23നാണ് നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം. മുന്‍ ചാമ്പ്യന്‍മാരായ സണ്‍ റൈസേഴ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഏപ്രില്‍ 29ന് രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും ഏപ്രില്‍ മൂന്നിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും നൈറ്റ് റൈഡേഴ്‌സ് നേരിടും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്

ആന്‍ക്രിഷ് രംഘുവംശി, മനീഷ് പാണ്ഡേ, നിതീഷ് റാണ, റിങ്കു സിങ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, അനുകൂല്‍ റോയ്, രമണ്‍ദീപ് സിങ്, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ചേതന്‍ സ്‌കറിയ, ദുഷ്മന്ത ചമീര, ഹര്‍ഷിത് റാണ, മിച്ചല്‍ സ്റ്റാര്‍ക്, മുജീബ് ഉര്‍ റഹ്‌മാന്‍, സാകിബ് ഹുസൈന്‍, സുയാഷ് ശര്‍മ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

 

Content highlight: IPL: Rinku Singh smashes sixes in practice match