| Friday, 3rd June 2022, 5:45 pm

ഐ.പി.എല്ലില്‍ വീണ്ടും ഒത്തുകളി? വെളിപ്പെടുത്തലുമായി ബി.ജെ.പി. നേതാവ്, ഫൈനലില്‍ ടോസ് മുതല്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് വാദം

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ ആവേശകരമായ ഐ.പി.എല്ലിനായിരുന്നു കഴിഞ്ഞ ആഴ്ച അന്ത്യം കുറിച്ചത്. മികച്ച മത്സരങ്ങല്‍ നടന്ന ഈ ഐ.പി.എല്‍ സീസണില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ട്വിറ്ററില്‍ വരുന്ന വാദങ്ങള്‍. ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍മാരായ ഈ സീസണില്‍ ഫൈനലില്‍ ടോസടക്കം നേരത്തെ ഫിക്‌സ് ചെയ്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുന്നത്.

ബി.ജെ.പിയുടെ ഉയര്‍ന്ന നേതാവായ സുബ്രമണ്യന്‍ സ്വാമിയാണ് ട്വിറ്ററില്‍ ഐ.പി.എല്ലിനും ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷാക്കെതിരെയും ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ സ്വേച്ഛാധിപതി എന്നാണ് ജയ് ഷായെ സ്വാമി വിളിക്കുന്നത്.

‘കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കെല്ലാം ഇത്തരത്തില്‍ ഐ.പി.എല്‍ ഫിക്‌സ്ട് ആണെന്ന് സംശയം ഉണ്ടെന്നും എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ എന്ന പരിഗണനയില്‍ മാത്രമാണ് ആരും ഇതിനെ കുറിച്ച് കൂടുതല്‍ ചികയാത്തത്,’ എന്നാണ് സ്വാമി ട്വീറ്റ് ചെയ്തത്.

പൊതുതാല്‍പ്പര്യ വ്യവഹാരം വഴിയല്ലാതെ ഇതിന്റെ യഥാര്‍ത്ത സത്യങ്ങള്‍ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കില്ലയെന്നും അദ്ദേഹം കൂട്ടിേേച്ചര്‍ത്തു.

ഫൈനലിന് ശേഷം, നിരാശരായ ആയിരക്കണക്കിന് ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ മത്സരം ഫിക്‌സ്ട് ആണെന്ന വാദം ഉന്നയിച്ചിരുന്നു. അതിനായി അവര്‍ പല കാരണങ്ങള്‍ ഉയര്‍ത്തി കാട്ടി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ ടോസ് കിട്ടിയിട്ടും ബാറ്റിംഗ് എടുക്കാനുള്ള തീരുമാനം, ഗുജറാത്ത് ജയിച്ചതിന് ശേഷമുള്ള ജയ് ഷായുടെ ആഘോഷങ്ങള്‍ എന്നിവ ഐ.പി.എല്‍ ഫിക്‌സ്ട് ആണെന്ന സംശയിക്കാനുള്ള കാരണമായി ആരാധകര്‍ ഉപയോഗിച്ചു.

എന്നാല്‍ ഫൈനലില്‍ എപ്പോഴും ചെയിസിങ്ങ് ബുദ്ധിമുട്ടായിരിക്കും എന്ന വാസ്തവത്തിന്റെ പുറത്താണ് രാജസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന വാദവുമുണ്ട്. ചെറിയ റണ്ണിന് പുറത്തായെങ്കിലും ബൗളിംഗില്‍ മികച്ച പോരാട്ടം തന്നെയായിരുന്നു രാജസ്ഥാന്‍ കാഴ്ചവെച്ചത്.

സീസണ്‍ തുടക്കം മുതലെ രാജസ്ഥാന്റെ പ്രധാന പ്രശ്‌നമായിരുന്ന ആറാം ബൗളറുടെ കുറവ് തന്നെയായിരുന്നു രാജസ്ഥാന് ഫൈനലിലും വിനയായത്. 2008ന് ശേഷം ആദ്യമായിട്ടായിരുന്നു രാജസ്ഥാന്‍ ഫൈനലില്‍ കയറിയത്. ഗുജറാത്തുമായി സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന്‍ തോറ്റിട്ടുണ്ട്.

ഇതാദ്യമായല്ല ഐ.പി.എല്ലില്‍ കോഴ വിവാദം. 2013 ഐ.പി.എല്ലില്‍ ഒത്തുകളിച്ചു എന്ന കേസില്‍ മലയാളി താരം ശ്രീശാന്തിനെയും മറ്റ് രണ്ട് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരേയും അറസ്റ്റ് ചെയതിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ കുറ്റമുക്തനായിരുന്നു.

Content Highlights : Ipl is fixed says Bjp leader Subramanian Swamy

We use cookies to give you the best possible experience. Learn more