| Thursday, 9th May 2024, 7:20 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ക്യാപ്റ്റന്‍ രാഹുലിനെ വേണ്ട! ടീമില്‍ നിന്നും പുറത്തേക്ക്? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന്റെ പ്ലേ ഓഫിലെത്താനുള്ള പരിശ്രമത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്ലേ ഓഫ് റേസ് പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഐ.പി.എല്‍ 2024ലെ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ലഖ്‌നൗവുമുണ്ട്.

നിലവില്‍ 12 മത്സരത്തില്‍ നിന്നും ആറ് വീതം വിജയവും തോല്‍വിയുമായി ആറാം സ്ഥാനത്താണ് ലഖ്‌നൗ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും വരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. അടുത്ത സീസണില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടീമിനൊപ്പമുണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

ഈ സീസണ് ശേഷം ഐ.പി.എല്‍ 2015ന് മുന്നോടിയായി മെഗാ താരലേലം നടക്കും. ഈ താരലേലത്തില്‍ മുമ്പ് ലഖ്‌നൗ രാഹുലിനെ നിലനിര്‍ത്താന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.ടി.ഐയെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ സ്‌പോര്‍ട്ടും സ്‌പോര്‍ട്‌സ് ഗള്ളിയുമടക്കമുള്ള പ്രമുഖ കായിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ കെ.എല്‍. രാഹുലും സംഘവും പടുകൂറ്റന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി.

മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ടീം നേടിയത്. യുവതാരം ആയുഷ് ബദോനിയുടെ അര്‍ധ സെഞ്ച്വറിയുടെയും നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് സൂപ്പര്‍ ജയന്റ്സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ബദോനി 30 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 26 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്. 33 പന്തില്‍ 29 റണ്‍സാണ് കെ.എല്‍. രാഹുല്‍ നേടിയത്.

166 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സ് ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 58 പന്തില്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും വെടിക്കെട്ടാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.

ഹെഡ് 30 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ പുറത്താകാതെ 75 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്.

ഈ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ ജയന്റ്‌സിന്റെ നെറ്റ് റണ്‍ റേറ്റിലും ഇടിവ് വന്നിരിക്കുകയാണ്.

ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ ആദ്യ നാലിലെത്താന്‍ ഒരുപക്ഷേ സൂപ്പര്‍ ജയന്റ്‌സിന് സാധിച്ചേക്കും. മെയ് 14നാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയായി മുമ്പില്‍ നില്‍ക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ദല്‍ഹിയിലാണ് മത്സരം.

മെയ് 17നാണ് ലഖ്‌നൗ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുക. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content highlight: IPL: Reports says Lucknow Super Giants unlikely to retain KL Rahul before 2025 mega auction

We use cookies to give you the best possible experience. Learn more