ഐ.പി.എല്‍ 2024ലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു പതറുന്നു. മികച്ച തുടക്കം ലഭിച്ചതിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ചെപ്പോക്ക് കീഴടക്കാനെത്തിയ ആര്‍.സി.ബി ഇരുട്ടില്‍ തപ്പുന്നത്.
12 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 79 റണ്‍സ് എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. ആകെ വീണ അഞ്ച് വിക്കറ്റില്‍ നാല് വിക്കറ്റും വീഴ്ത്തിയത് ചെന്നൈയുടെ ബംഗ്ലാദേശ് സൂപ്പര്‍ താരം മുസ്തഫിസുര്‍ റഹ്‌മാനാണ്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, രജത് പാടിദാര്‍, വിരാട് കോഹ്‌ലി, കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് മുസതഫിസുര്‍ മടക്കിയത്.
ഇതില്‍ വിരാട് കോഹ് ലിയെ പുറത്താക്കിയ അജിന്‍ക്യ രഹാനെ – രചിന്‍ രവീന്ദ്ര കൂട്ടുകെട്ടില്‍ പിറന്ന ക്യാച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. 12ാം ഓവറിലെ രണ്ടാം പന്തിലാണ് വിരാട് പുറത്താകുന്നത്.
മുസ്തഫിസുറിന്റെ പന്തില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച വിരാട് കോഹ്‌ലിക്ക് പിഴച്ചു. പന്ത് കണക്ട് ചെയ്‌തെങ്കിലും വേണ്ടത്ര ദൂരം കണ്ടെത്താന്‍ വിരാടിന് സാധിച്ചില്ല.
പന്തിനടുത്തേക്ക് അജിന്‍ക്യ രഹാനെയും രചിന്‍ രവീന്ദ്രയും ഓടിയെത്തുന്നുണ്ടായിരുന്നു. അജിന്‍ക്യ രഹാനെയാണ് ക്യാച്ചിന് ശ്രമിച്ചത്. പന്ത് അനായാസം കൈപ്പിടിയിലൊതുക്കാനും രഹാനെക്കായി.
എന്നാല്‍ താന്‍ ബൗണ്ടറി ലൈനിനടുത്തേക്ക് സ്ലൈഡ് ചെയ്യുകയാണെന്ന് മനസിലാക്കിയ രഹാനെ പന്ത് രചിന് നേരെ ഇട്ടുകൊടുത്തു. ഒരു പിഴവും കൂടാതെ രചിന്‍ പന്ത് കയ്യിലൊതുക്കിയപ്പോള്‍ 20 പന്തില്‍ 21 റണ്‍സുമായി വിരാട് തിരിച്ചു നടന്നു.
ഓവറിലെ നാലാം പന്തില്‍ ഫിസ് കാമറൂണ്‍ ഗ്രീനിനെയും പുറത്താക്കി. 22 പന്തില്‍ 18 റണ്‍സ് നേടിയ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയ മുസ്തഫിസുര്‍ മത്സരത്തിലെ തന്റെ നാലാം വിക്കറ്റും സ്വന്തമാക്കി.
രണ്ട് പന്തില്‍ ഒരു റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും ഒരു പന്തില്‍ ഒരു റണ്ണടിച്ച് അനുജ് റാവത്തുമാണ് ക്രീസില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍). കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍.
Content Highlight: IPL: RCB vs CSK: Brilliant catch by Ajinkya Rahane and Rachin Ravindra to dismiss Virat Kohli