ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുമ്പില്‍ 174 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആറാം വിക്കറ്റില്‍ അനുജ് റാവത്തിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റെയും ചെറുത്ത് നില്‍പിലാണ് ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിയത്.
25 പന്തില്‍ 48 റണ്‍സ് നേടിയ അനുജ് റാവത്തും 26 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കുമാണ് ആര്‍.സി.ബിക്ക് തുണയായത്. 78ന് അഞ്ച് എന്ന നിലയില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് 173 റണ്‍സിലെത്തിച്ചത്.
മത്സരത്തില്‍ അഞ്ച് വിക്കറ്റുകളാണ് ചെന്നൈ ബൗളര്‍മാര്‍ സ്വന്തമാക്കിയത്. മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. അനുജ് റാവത്തിനെ ധോണി റണ്‍ ഔട്ടാക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മുസ്തഫിസുര്‍ റഹ്‌മാനാണ് എതിരാളികളെ ചുരുട്ടിക്കെട്ടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, രജത് പാടിദാര്‍, വിരാട് കോഹ്‌ലി, കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് മുസ്തഫിസുര്‍ മടക്കിയത്.
രജത് പാടിദാര്‍ മൂന്ന് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തിലായിരുന്നു മാക്‌സിയുടെ മടക്കം.
ഫാഫിനെയും വിരാടിനെയും രചിന്റെ കൈകളിലെത്തിച്ച് മടക്കിയ ഫിസ് പാടിദാറിനെ ധോണിയുടെ കൈകളിലെത്തിച്ചും മടക്കി. ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മുസ്തഫിസുര്‍ തന്റെ ഫോര്‍ഫര്‍ പൂര്‍ത്തിയാക്കിയത്.
തന്റെ സ്‌പെല്ലിലെ ആദ്യ രണ്ട് ഓവറിലാണ് താരം നാല് വിക്കറ്റും നേടിയത്. നാല് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 7.25 ആണ് താരത്തിന്റെ എക്കോണമി.
ആദ്യ മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ മുസ്തഫിസുര്‍ അവസാന ഓവറില്‍ 16 റണ്‍സ് വഴങ്ങിയതോടെയാണ് എക്കോണമി വര്‍ധിച്ചത്.
നേരത്തെ, ബംഗ്ലാദേശ്- ശ്രീലങ്ക പരമ്പരയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പേശിവലിവ് കാരണം നടക്കാന്‍ പോലും സാധിക്കാതിരുന്ന മുസ്തഫിസുറിനെ സ്‌ട്രെക്ടറിലാണ് ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോയത്.
അതേസമയം, ദിനേഷ് കാര്‍ത്തിക്കിനും അനുജ് റാവത്തിനും പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി (23 പന്തില്‍ 35), വിരാട് കോഹ്‌ലി (20 പന്തില്‍ 21), കാമറൂണ്‍ ഗ്രീന്‍ (22 പന്തില്‍ 18) എന്നിവരാണ് ആര്‍.സി.ബിയുടെ മറ്റ് സ്‌കോറര്‍മാര്‍. 13 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും പിറന്നു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍). കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.
ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍.
Content highlight: IPL: RCB vs CSK: Brilliant bowling performance by Mustafizur Rahman