| Friday, 22nd March 2024, 4:38 pm

2008ല്‍ പൊളിച്ച ധോണിയുടെ കോട്ട വീണ്ടും പൊളിക്കാന്‍ വിരാട്; 15 വര്‍ഷമായി കാക്കുന്ന ലെഗസി നിലനിര്‍ത്താന്‍ സൂപ്പര്‍ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 17ാം എഡിഷന് അരങ്ങുണരാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2024ന് തിരശീലയുയരുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്ക് സ്‌റ്റേഡിയമാണ് ഐ.പി.എല്‍ 2024ന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍, ഹോം സ്‌റ്റേഡിയം എന്നീ രണ്ട് അഡ്വാന്റേജുകള്‍ ഗെയ്ക്വാദിന്റെ നേതൃത്വത്തിലിറങ്ങുന്ന ചെന്നൈക്കുണ്ടെങ്കിലും അതെല്ലാം മറികടന്ന് വിജയം കുറിക്കാനാണ് പ്ലേ ബോള്‍ഡ് ആര്‍മി ഒരുങ്ങുന്നത്.

റോയല്‍ ചലഞ്ചേഴ്‌സിനെ സംബന്ധിച്ച് ഇതൊരു അഭിമാനപ്പോരാട്ടം കൂടിയാണ്. 15 വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് ബെംഗളൂരുവിനെ നിരാശരാക്കുന്നത്. ഉദ്ഘാടന സീസണായ 2008ല്‍ മാത്രമാണ് ആര്‍.സി.ബിക്ക് ചെപ്പോക് കീഴടക്കാന്‍ സാധിച്ചത്.

ആദ്യ സീസണില്‍ അനില്‍ കുംബ്ലെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 14 റണ്‍സിന്റെ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ 47 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 21 റണ്‍സ് നേടിയ പ്രവീണ്‍ കുമാറാണ് രണ്ടാമത് റണ്‍ വേട്ടക്കാരന്‍.

ചെന്നൈക്കായി ആല്‍ബി മോര്‍കല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മന്‍പ്രീത് ഗോണി രണ്ട് വിക്കറ്റും മുത്തയ്യ മുരളീധരന്‍, ലക്ഷ്മിപതി ബാലാജി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

127 റണ്‍സിന്റെ താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ധോണിപ്പട അനില്‍ കുംബ്ലെയെന്ന അതികായന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ കാലിടറി വീണു.

നാല് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് കുംബ്ലെ നേടിയത്. ഡെയ്ല്‍ സ്‌റ്റെയ്ന്‍ രണ്ട് വിക്കറ്റും പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയപ്പോള്‍ ചെന്നൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 112ലൊതുങ്ങി.

അനില്‍ കുംബ്ലെയെ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്.

അതിന് ശേഷം ഏഴ് തവണ ചെപ്പോക്കില്‍ വെച്ച് ചുവപ്പ് മഞ്ഞയോടേറ്റുമുട്ടിയെങ്കിലും ഏഴ് തവണയും അവസാന ചിരി ധോണിക്കും സംഘത്തിനും തന്നെയായിരുന്നു.

ഇപ്പോള്‍ 7-1 എന്ന നിലയില്‍ ചെപ്പോക്കിലിറങ്ങുന്ന ‘ധോണിപ്പട’ക്ക് തങ്ങളുടെ സ്ട്രീക് നിലനിര്‍ത്താനാകുമോ അതോ 2008ന് ശേഷം വിരാടും സംഘവും വീണ്ടും ചരിത്രമാവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.പി.എല്‍ കിരീടം നിലനിര്‍ത്താനുറച്ച് സൂപ്പര്‍ കിങ്‌സും ആദ്യ കിരീടം സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഒരുങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ തീ പാറുമെന്നുറപ്പാണ്.

Content Highlight: IPL: RCB never won a match against CSK in Chepauk since 2008

We use cookies to give you the best possible experience. Learn more