'തോല്‍വിക്കയത്തില്‍ മുങ്ങി ബാംഗ്ലൂര്‍'; പഞ്ചാബിനോടും തോറ്റ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
Daily News
'തോല്‍വിക്കയത്തില്‍ മുങ്ങി ബാംഗ്ലൂര്‍'; പഞ്ചാബിനോടും തോറ്റ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2017, 11:32 pm

 

ബാംഗ്ലൂര്‍: ഐ.പി.ല്‍ പത്താം സീസണില്‍ തോല്‍വി തുടര്‍ക്കഥയാക്കി കൊമ്പന്‍മാരുടെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 139 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂരിന്റെ ഇന്നിങ്‌സ് 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.


Also read ‘കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്കോ?’; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ 


ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ മാരുടെ നിരയുണ്ടായിട്ടും 139 എന്ന സംഖ്യയിലേക്ക് പട നയിക്കാന്‍ ബാഗ്ലൂര്‍ നിരയില്‍ ഇന്നും ആരും ഉണ്ടായില്ല. 46 റണ്‍സുമായ് പൊരുതി നോക്കിയ മന്ദീപ് സിങ്ങിനെ കാര്യമായ പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. മന്ദീപ് പുറത്തായ ശേഷം തങ്ങളുടെ വിജയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന പഞ്ചാബ് താരങ്ങളെയാണ് മെതാനത്ത് കണ്ടത്.

21 റണ്‍സെടുത്ത പവന്‍ നേഗിയും 10 റണ്‍സെടുത്ത എബിഡി വില്ല്യേഴ്‌സും മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ലോകോത്തര താരങ്ങള്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. വിരാട് കോഹ്‌ലി 6, ക്രിസ് ഗെയ്ല്‍ 0, ഷെയ്ന്‍ വാട്‌സണ്‍ 3 എന്നിങ്ങനെയായിരുന്നു താരങ്ങളുടെ സംഭാവന. പഞ്ചാബിനായി ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത അക്‌സര്‍ പട്ടേല്‍ 3 വിക്കറ്റ് വീഴ്ത്തി
ആദ്യം ബാറ്റ് ചെയ്ത കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ഇന്ത്യന്‍ യുവതാരം അക്‌സര്‍ പട്ടേലിന്റെ ബാറ്റിങ് മികവാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ പഞ്ചാബിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

അക്‌സറിന് പുറമേ പഞ്ചാബ് നിരയില്‍ മനന്‍ വോഹ്‌റ (25), വൃദ്ധിമാന്‍ സാഹ ( 21), ഷോണ്‍ മാര്‍ഷ് (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബാംഗ്ലൂരിനായ് അങ്കിത് ചൗധരി യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.