ഐ.പി.എല്‍ ഒത്തുകളി: സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ മെയ്യപ്പനെ ചോദ്യം ചെയ്യും
DSport
ഐ.പി.എല്‍ ഒത്തുകളി: സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ മെയ്യപ്പനെ ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2013, 5:00 pm

[]ന്യൂദല്‍ഹി: ചെന്നൈ സൂപ്പര്‍ കിംങ്‌സ് ടീം പ്രന്‍സിപ്പലും ബി.സി.സി.ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ ചോദ്യം ചെയ്‌തേക്കും.

മൂന്നംഗ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ ഒത്തുചേര്‍ന്നിരുന്നു. അന്വേഷണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. മെയ്യപ്പനോടൊപ്പം രാജസ്താന്‍ റോയല്‍ ടീം ഉടമയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെയും കമ്മീഷന്‍ ചോദ്യം ചെയ്‌തേക്കും.

മുന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ക്കലാണ് അന്വേഷണ കമ്മീഷന്‍ തലവന്‍. അഡീഷണല്‍ സോലിസിറ്റര്‍ ജനറല്‍ നാഗേശ്വര്‍ റാവു, മുതിര്‍ന്ന അഭിഭാഷകനായ നിലയ് ദത്ത എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.

ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ഇരുവര്‍ക്കുമെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ബി.സി.സി.ഐ നിയോഗിച്ച് കമ്മീഷന്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ഇതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ ഉന്നത കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.