ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുക.
പര്യടനത്തിനുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കെ.എല്‍. രാഹുലിന്റെ നേതൃത്വത്തില്‍ ഏകദിന ടീം ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയാണ് റെഡ് ബോള്‍ സ്‌ക്വാഡിനെ നയിക്കുന്നത്. ലോകകപ്പിന് ശേഷം നടന്ന ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ തന്നെയാണ് ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.
ഐ.പി.എല്ലിലെ എല്ലാ ടീമുകളില്‍ നിന്നുള്ള താരങ്ങളും ഈ പര്യടനത്തിലുണ്ട്. സാധാരണ നിലയില്‍ നിന്നും വിപരീതമായി മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ളതിനേക്കാള്‍ താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമുണ്ട് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് മുംബൈ താരങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമാകുമ്പോള്‍ ആറ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്കായി ഇറങ്ങാന്‍ ഒരുങ്ങുന്നത്.
ആകെ 30 താരങ്ങളാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് മൂന്ന് സ്‌ക്വാഡിന്റെയും ഭാഗമായിട്ടുള്ളത്.