| Wednesday, 20th December 2023, 10:49 am

ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാരനായവന്‍; രാജസ്ഥാന്‍ റോയല്‍സ് 50 ലക്ഷം കൊടുത്ത് വാങ്ങിയ ബര്‍ഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. എല്ലാ ടീമുകളും തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചുകൊണ്ടാണ് ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചത്.

മൂന്ന് ഓവര്‍സീസ് താരങ്ങളെയടക്കം അഞ്ച് പേരെയാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. രണ്ട് ബാറ്റര്‍മാരും ഒരു ബൗളറും ഒരു ഓള്‍ റൗണ്ടറും ഒരു വിക്കറ്റ് കീപ്പറെയുമാണ് രാജസ്ഥാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍ താരം നാന്ദ്രേ ബര്‍ഗറാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയവരില്‍ പ്രധാനി. 50 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ ഈ 28കാരനെ ടീമിലെത്തിച്ചത്.

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്കടിയില്‍ നാന്ദ്രേ ബര്‍ഗര്‍ എന്ന പേര് അത്രകണ്ട് പരിചിതമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഈ പേര് ശ്രദ്ധിച്ചത്.

രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിക്കൊണ്ടാണ് ബര്‍ഗര്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ബര്‍ഗര്‍ ഗെയ്ക്വാദിനെ മടക്കിയത്.

ശേഷം തിലക് വര്‍മയെ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ ബര്‍ഗര്‍, കെ.എല്‍. രാഹുലിനെ മില്ലറിന്റെ കൈകളിലെത്തിച്ചും മടക്കി.

ഒടുവില്‍ പത്ത് ഓവറില്‍ മൂന്ന് എന്ന തകര്‍പ്പന്‍ എക്കോണമിയില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 5.4 ഓവറാണ് താരം പന്തെറിഞ്ഞത്. വിക്കറ്റൊന്നും നേടാതെ 35 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം – രാജ്യം – റോള്‍ – തുക എന്നീ ക്രമത്തില്‍)

റോവ്മന്‍ പവല്‍ – വെസ്റ്റ് ഇന്‍ഡീസ് – ബാറ്റര്‍ – 7,40,00,000

ശുഭം ദുബെ – ഇന്ത്യ – ബാറ്റര്‍ – 5,80,00,000

നാന്ദ്രേ ബര്‍ഗര്‍ – സൗത്ത് ആഫ്രിക്ക – ബൗളര്‍ – 50,00,000

ടോം കോലര്‍-കാഡ്‌മോര്‍ – ഇംഗ്ലണ്ട് – വിക്കറ്റ് കീപ്പര്‍ – 40,00,000

ആബിദ് മുഷ്താഖ് – ഇന്ത്യ – ഓള്‍ റൗണ്ടര്‍ – 20,00,000

ലേലത്തിന് മുമ്പേ രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങള്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡൊണോവാന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, അവേശ് ഖാന്‍ (ട്രേഡിലൂടെ സ്വന്തമാക്കിയത്)

Content highlight: IPL Player Auction; Rajasthan Royals picks Nandre Burger

We use cookies to give you the best possible experience. Learn more