| Wednesday, 20th March 2024, 10:39 am

വിശ്വസിക്കാന്‍ പാടുപെടും; രോഹിത്തിന്റെ 257 സിക്‌സറിനെ കടത്തിവെട്ടിയ കമ്മിന്‍സിന്റെ 26 സിക്‌സര്‍ 🔥 🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്ലിന്റെ 17ാം പതിപ്പിന് തുടക്കമാകുന്നത്.

ഐ.പി.എല്ലിനൊപ്പം ടൂര്‍ണമെന്റിലെ റെക്കോഡുകളും ചര്‍ച്ചയാവുന്നുണ്ട്. അതിലൊന്നാണ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡ്.

ടി-20 ലെജന്‍ഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോഡ് ഇപ്പോഴുമുള്ളത്. 142 മത്സരത്തില്‍ നിന്നും 357 സിക്‌സറുകളാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. ഗെയ്‌ലിനേക്കാള്‍ നൂറിലേറെ മത്സരം കൂടുതല്‍ കളിച്ചിട്ടും നൂറ് സിക്‌സറുകള്‍ കുറവ് നേടിയാണ് രോഹിത് രണ്ടാം സ്ഥാനത്ത് തുടരുന്നത്. 257 സിക്‌സറാണ് ഹിറ്റ്മാന്റെ പേരിലുള്ളത്.

251 സിക്‌സറോടെ എ.ബി. ഡി വില്ലിയേഴ്‌സാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാമതുള്ള ധോണിക്ക് 251 സിക്‌സറും അഞ്ചാമതുള്ള വിരാടിന്റെ പേരില്‍ 234 സിക്‌സറുമാണുള്ളത്.

എന്നാല്‍ വെറും 42 മത്സരങ്ങള്‍ മാത്രം കളിച്ച് 26 സിക്‌സറുകള്‍ നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ രോഹിത്തിനെയും വിരാടിനെയും ധോണിയെയും അടക്കം മറികടന്നിരിക്കുകയാണ്.

ഒരു മത്സരത്തിലെ ഒരു ഓവറില്‍ നാലോ അതിലധികമോ സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടത്തിലാണ് യൂണിവേഴ്‌സല്‍ ബോസിന് കീഴില്‍ കമ്മിന്‍സ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. നൈറ്റ് റൈഡേഴ്‌സിലായിരിക്കവെ ബുംറയെയും സാം കറനെയുമടക്കം പഞ്ഞിക്കിട്ടാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഗെയ്ല്‍ ഏഴ് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ മൂന്ന് തവണയാണ് കമ്മിന്‍സിന്റെ നേട്ടം. രണ്ട് തവണ ഒരു മത്സരത്തില്‍ നാലോ അതിലധികമോ സിക്‌സര്‍ നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മൂന്നാമത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഒരു ഓവറില്‍ നാലോ അതിലധികമോ സിക്‌സര്‍ നേടുന്ന താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 7 തവണ

പാറ്റ് കമ്മിന്‍സ് – 3 തവണ

ഹര്‍ദിക് പാണ്ഡ്യ – 2 തവണ

റിങ്കു സിങ് – ഒരു തവണ

ഡേവിഡ് മില്ലര്‍ – ഒരു തവണ

യുവരാജ് സിങ് – ഒരു തവണ

വിരാട് കോഹ്‌ലി – ഒരു തവണ

ശ്രേയസ് അയ്യര്‍ – ഒരു തവണ

ആന്ദ്രേ റസല്‍ – ഒരു തവണ

ഇഷാന്‍ കിഷന്‍ – ഒരു തവണ

രാഹുല്‍ തെവാട്ടിയ – ഒരു തവണ

ജോഫ്രാ ആര്‍ച്ചര്‍ – ഒരു തവണ

നിക്കോളാസ് പൂരന്‍ – ഒരു തവണ

രവീന്ദ്ര ജഡേജ – ഒരു തവണ

ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐ.പി.എല്ലിലേക്ക് വരുമ്പോള്‍ ഇത്തവണ സണ്‍ റൈസേഴ്‌സിന്റെ നായകന്റെ ചുമതലയും ഓസീസ് ഓള്‍ റൗണ്ടര്‍ക്കുണ്ട്. ബൗളിങ്ങില്‍ പുറത്തെടുക്കുന്ന മാസ്മരികത ബാറ്റിങ്ങിലും കമ്മിന്‍സ് ഇത്തവണ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content highlight: IPL: Pat Cummins wit a unique record

We use cookies to give you the best possible experience. Learn more