| Wednesday, 25th May 2022, 7:40 pm

വീണ്ടും അവഗണന; കഴിഞ്ഞ മത്സരത്തിലും സഞ്ജുവിനെ തഴഞ്ഞ് ഐ.പി.എല്‍ അധികൃതര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച മത്സരങ്ങളും, അപ്രതീക്ഷ മത്സരഫലങ്ങളും പുത്തന്‍ താരോദയങ്ങളാലും സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണ്‍. പ്രധാന താരങ്ങളുടെ ഫോമില്ലായ്മയും ഈ ഐ.പി.എല്ലിലെ ചര്‍ച്ചാ വിഷയമായിരുന്നു.

മത്സരങ്ങളും, ആരാധകരുടെ വാക്‌പോരുകളും കൊഴുക്കുമ്പോഴും സംഘാടകരുടെ മണ്ടത്തരങ്ങളും ചര്‍ച്ചയായിരുന്നു. നിരവധി മണ്ടത്തരങ്ങളാണ് ഈ സീസണ്‍ ഐ.പി.എല്ലില്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ അവാര്‍ഡ് മാറി കൊടുത്താണ് സംഘാടകര്‍ വിഡ്ഢിത്തം കാണിച്ചത്. ‘പഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി മാച്ച്’ അവാര്‍ഡാണ് മാറികൊടുത്തത്.

180.77 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത സഞ്ജുവിനെ മറികടന്ന് 178.95 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഡേവിഡ് മില്ലറിനായിരുന്നു അവാര്‍ഡ് കൊടുത്തത്. ഒരു മത്സരത്തില്‍ ഒമ്പതോ അതില്‍ കൂടുതലൊ പന്തുകള്‍ നേരിട്ട് കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയത താരത്തിനാണ് അവാര്‍ഡ് നല്‍കേണ്ടത്.

ടീമിന്റെ ജയവുമായോ തോല്‍വിയുമായോ ഈ അവാര്‍ഡിന് ഒരു ബന്ധവുമില്ല. സഞ്ജുവിനോടുള്ള ബി.സി.സി.ഐയുടെ എതിര്‍പ്പാണ് ഇതെന്ന് വാദിക്കുന്ന ആരാധകരുമുണ്ട്.

ഇതാദ്യമായല്ല ഈ സീസണില്‍ സംഘടകര്‍ കാരണം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടിയ 59ാം മത്സരത്തില്‍ ചെന്നൈ ബാറ്റര്‍ ഡെവൊണ്‍ കോണ്‍വേ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍.ബി.ഡബ്ല്യു ആയി പുറത്താവുകയായിരുന്നു.

ഔട്ട് അല്ല എന്ന് ഉറപ്പുണ്ടായിരുന്ന കോണ്‍വേ റിവ്യൂ എടുക്കാന്‍ മുതിരുന്നു. എന്നാല്‍ സ്റ്റേഡിയത്തില്‍ കറന്റ് ഇല്ലെന്ന കാരണത്താല്‍ റിവ്യൂ ചെയ്യാന്‍ സാധിക്കില്ല എന്ന് സംഘാടകര്‍ പറയുകയും കോണ്‍വേ കളം വിടുകും ചെയ്തു.

മിന്നുന്ന ഫോമിലായിരുന്നു കോണ്‍വേ ഇതിന് മുമ്പുള്ള മത്സരങ്ങള്‍ കളിച്ചത്. കോണ്‍വേയെ നേരത്തെ നഷ്ടപ്പെട്ട സി.എസ്.കെ വെറും 97 റണ്ണെടുത്ത് പുറത്തായിരുന്നു.

ആരാധകരുടേയും ക്രിക്കറ്റ് നിരീക്ഷകരുടേയും ഇടയില്‍ ഈ വിഷയം ഒരുപാട് ചര്‍ച്ചയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് എന്ന് വിശേഷിപ്പിക്കുന്ന ഐ.പി.എല്ലില്‍ കറന്റ് ഇല്ലാത്തതിനാല്‍ ഒരു ബാറ്റര്‍ പുറത്താകുന്നത് ലീഗിന്റെ ക്രെഡിബിലിറ്റിയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് ബെംഗ്ലുരുവിനെ നേരിട്ട 67ാം മത്സരത്തിലായിരുന്നു മറ്റൊരു മണ്ടത്തരം. ഇത്തവണ ഫീല്‍ഡ് അമ്പയറിന്റെയും തേര്‍ഡ് അമ്പയറിന്റേയും ഭാഗത്തായിരുന്നു തെറ്റ്, കൂട്ടിന് ടെക്നിക്കല്‍ പിഴവുകളും.

മത്സരത്തിന്റെ ആറാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പന്തില്‍ മാത്യൂ വേഡ് എല്‍.ബി.ഡബ്ല്യു ആകുന്നു. എന്നാല്‍ ബാറ്റില്‍ കൊണ്ടാണ് പാഡില്‍ കൊണ്ടത് എന്ന് ഉറപ്പുണ്ടായിരുന്ന വേഡ് റിവ്യൂ ചെയ്യുന്നു. എന്നാല്‍ റിവ്യു ചെയത്പ്പോള്‍ അള്‍ട്രാ എഡ്ജില്‍ ഇംപാക്ട് കാണിക്കാത്തതിനെ തുടര്‍ന്ന് തേഡ് അമ്പയര്‍ താരത്തെ പുറത്താക്കുകയായിരുന്നു.

പന്ത് ബാറ്റില്‍ തട്ടുന്നത് ലൈവ് ആക്ഷനിലും റീപ്ലേയിലും വ്യക്തമായിരുന്നു. നിരാശനായി ഡ്രസിംഗ് റൂമില്‍ വെച്ച് തന്റെ ബാറ്റ് എറിഞ്ഞൊടിച്ചാണ് വേഡ് തന്റെ ദേഷ്യം തീര്‍ത്തത്.

ഓരോ പന്തും ഓരോ റണ്ണും, വിക്കറ്റുമെല്ലാം ടൂര്‍ണമെന്റിന്റെ റിസള്‍ട്ടിനെ ബാധിക്കുന്ന ഐ.പി.എല്ലില്‍ ഇതു പോലെയുള്ള വലിയ പിഴവുകള്‍ ലീഗിനെ തന്നെ തരംതാഴ്ത്താന്‍ പോന്നതാണ്.

ഐ.പി.എല്‍ ഫൈനലിനോട് അടുക്കുമ്പോള്‍ ഇനിയും ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് പ്രതിക്ഷിക്കാം. പോരാട്ടമികവ് കൊണ്ടും പ്രകടനം കൊണ്ടും മുന്നോട്ട് കുതിക്കുന്ന ഐ.പി.എല്ലിനെ ഇത്തരത്തിലുള്ള പിഴവുകള്‍ തീര്‍ച്ചയായും പിന്നോട്ടുവലിക്കുന്നുണ്ട്.

Content Highlight: IPL organizers present Sanju Samson’s award to Miller

We use cookies to give you the best possible experience. Learn more