| Sunday, 17th March 2024, 12:05 pm

ഹര്‍ദിക്കിന് വീണ്ടും എട്ടിന്റെ പണി; രോഹിത്തിനെയും വിരാടിനെയും വട്ടം കറക്കിയവന്‍ പുറത്ത്; മുംബൈ പരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 17ാം സീസണിന് മുമ്പേ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. സ്റ്റാര്‍ പേസറും ശ്രീലങ്കന്‍ ഇന്റര്‍നാഷണലുമായ ദില്‍ഷന്‍ മധുശങ്ക പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് മധുശങ്കക്ക് പരിക്കേറ്റിരിക്കുന്നത്. രണ്ടാം ഏകദിന മത്സരത്തിനിടെ മധുശങ്കക്ക് പരിക്കേറ്റതായും എം.ആര്‍.ഐ സ്‌കാനിങ്ങില്‍ ഹാംസ്ട്രിങ് ഇന്‍ജുറിയാണെന്ന് മനസിലായതായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്.

മധുശങ്കയുടെ പരിക്ക് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. അന്താരാഷ്ട്ര കരിയറില്‍ 23 ഏകദിനത്തില്‍ നിന്നും 41 വിക്കറ്റും 14 ടി-20യില്‍ നിന്നും 14 വിക്കറ്റും നേടിയ മധുശങ്ക മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ഓപ്ഷനില്‍ പ്രധാനിയായിരുന്നു.

ഡിസംബര്‍ മാസം അവസാനിച്ച ഐ.പി.എല്‍ താരലേലത്തില്‍ 4.6 കോടി രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് ഈ ഇടംകയ്യന്‍ പേസറെ ടീമിലെത്തിച്ചത്.

2023 വേള്‍ഡ് കപ്പിലെ ഇന്ത്യ – ശ്രീലങ്ക പോരാട്ടത്തില്‍ മറ്റെല്ലാ ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മുമ്പില്‍ കളി മറന്നപ്പോള്‍ മധുശങ്കയാണ് ചെറുത്തുനിന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേതടക്കം ടീമിന്റെ മുന്‍നിര വിക്കറ്റുകളെല്ലാം വീഴ്ത്തിയാണ് മധുശങ്ക തരംഗമായത്.

രണ്ട് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട മധുശങ്ക, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയും പുറത്താക്കി ഫൈഫര്‍ നേടിയിരുന്നു.

ലങ്കന്‍ ബൗളര്‍മാര്‍ നേടിയ ആറ് വിക്കറ്റില്‍ അഞ്ചും സ്വന്തമാക്കിയത് മധുശങ്ക തന്നെയായിരുന്നു.

താരത്തിന്റെ പരിക്ക് എത്രത്തോളം വലുതാണ് എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പരിക്ക് കാരണം സൂര്യകുമാര്‍ യാദവിനും ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പമാണ് മധുശങ്കയുടെ പരിക്കും വരുന്നത്. രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യക്ക് മുമ്പില്‍ പ്രധാന താരങ്ങളുടെ അഭാവം വലിയ ചോദ്യചിഹ്നമായേക്കും.

Content Highlight: IPL: Mumbai Indians pacer Dilshan Madhushanka suffers hamstring injury

We use cookies to give you the best possible experience. Learn more