ഐ.പി.എല്ലില്‍ തന്റെ 17ാം സീസണിനാണ് എം.എസ്. ധോണി കളത്തിലിറങ്ങുന്നത്. 14 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ച ധോണി യെല്ലോ ആര്‍മി വിലക്ക് നേരിട്ട രണ്ട് വര്‍ഷക്കാലം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനായും കളത്തിലിറങ്ങി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പത്ത് തവണ ഫൈനലിലെത്തിച്ച ധോണി അഞ്ച് തവണ ടീമിനെ കിരീടവും ചൂടിച്ചിരുന്നു.
വിക്കറ്റിന് പിന്നില്‍ മിന്നലാകുന്ന താരത്തിന്റെ ചാണക്യതന്ത്രത്തില്‍ വീഴാത്ത ബാറ്റര്‍മാരും ടീമും ഐ.പി.എല്ലില്‍ ഇല്ല എന്ന് തന്നെ പറയാം.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ധോണി കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ചില ഫ്‌ളോപ്പ് ഇന്നിങ്‌സുകളുടെ പേരില്‍ ധോണിയെ ക്രൂശിക്കുന്നതില്‍ വിമര്‍ശകര്‍ എന്നും ആനന്ദം കണ്ടെത്തിയിരുന്നു. 2023 ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമണിഞ്ഞപ്പോഴും ധോണിയെ കലാശപ്പോരാട്ടത്തിലെ ഗോള്‍ഡന്‍ ഡക്കിന്റെ പേരില്‍ വിമര്‍ശകര്‍ വേട്ടയാടിയിരുന്നു.
എന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രവും സ്റ്റാറ്റുകളും പരിശോധിക്കുമ്പോള്‍ ധോണി എത്രത്തോളം മികച്ച എക്‌സ്‌പ്ലോസീവ് ബാറ്ററാണെന്ന് വ്യക്തമാകും.
ഐ.പി.എല്ലില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയെടുത്താന്‍ അതില്‍ ഒന്നാമനായി ധോണിയുടെ പേര് കാണാന്‍ സാധിക്കും. ആദ്യ അഞ്ചില്‍ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ എ.ബി. ഡി വില്ലിയേഴ്‌സോ സൂര്യകുമാര്‍ യാദവോ ഇല്ല എന്നറിയുമ്പോഴാണ് ധോണിയുടെ ബാറ്റിങ്ങിന്റെ കരുത്ത് വ്യക്തമാകുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 200+ സ്‌ട്രൈക്ക് റേറ്റില്‍ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍
എം.എസ്. ധോണി – എട്ട് തവണ
ഡേവിഡ് വാര്‍ണര്‍ – അഞ്ച് തവണ
വിരേന്ദര്‍ സേവാഗ് – മൂന്ന് തവണ
ദിനേഷ് കാര്‍ത്തിക് – രണ്ട് തവണ
ശ്രേയസ് അയ്യര്‍ – രണ്ട് തവണ
ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒറ്റ സെഞ്ച്വറി പോലും നേടാതെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും ധോണി തന്നെയാണ് ഒന്നാമന്‍.
(താരം – ആകെ റണ്‍സ് – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)
എം. എസ്. ധോണി – 5,082 – 84*
റോബിന്‍ ഉത്തപ്പ – 4,952 – 88
ദിനേഷ് കാര്‍ത്തിക് – 4,517 – 97*
ഗൗതം ഗംഭീര്‍ – 4,17 – 93
ഫാഫ് ഡു പ്ലെസി – 4,133 – 96
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 3,142 – 87*
പാര്‍ത്ഥിവ് പട്ടേല്‍ – 2,842 – 81
ശ്രേയസ് അയ്യര്‍ – 2,776 – 96
ഈ സീസണിലും ധോണി പലതും കരുതിവെച്ചിട്ടുണ്ടെന്നുറപ്പാണ്. ഇത്തവണ പുതിയ റോളിലായിരിക്കും താനെത്തുക എന്ന് സസ്‌പെന്‍സിട്ട ധോണിയുടെ ആ റോള്‍ എന്തായിരിക്കുമെന്നുള്ള കാത്തിപ്പിലാണ് ആരാധകര്‍.
മാര്‍ച്ച് 22നാണ് സീസണില്‍ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ടീമിന് നേരിടാനുള്ളത്.
Content Highlight: IPL, MS Dhoni has most 50+ score with 200+ strike rate