രാജസ്ഥാന്റെ ടാക്ടിക്‌സും കാവ്യ ചേച്ചിയുടെ കണ്ണും പൂട്ടിയുള്ള വിളിയും ഒപ്പം ഉപേക്ഷിച്ച താരത്തിന് പിന്നാലെ കൂടിയ പഞ്ചാബും
IPL
രാജസ്ഥാന്റെ ടാക്ടിക്‌സും കാവ്യ ചേച്ചിയുടെ കണ്ണും പൂട്ടിയുള്ള വിളിയും ഒപ്പം ഉപേക്ഷിച്ച താരത്തിന് പിന്നാലെ കൂടിയ പഞ്ചാബും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 12:01 pm

രസകരമായ പല സംഭവങ്ങളും കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ താരലേലത്തിലുണ്ടായിരുന്നു. ഐ.പി.എല്‍ 2023ന് മുന്നോടിയായുള്ള മിനി ലേലമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നത്.

ഇതിനോടകം തന്നെ സ്‌റ്റേബിളായ സ്‌ക്വാഡിനെ ഒന്നുകൂടി ശക്തിപ്പെടുത്താനാണ് എല്ലാ ടീമുകളും കൊച്ചിയിലേക്ക് പറന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ വാശിയേറിയ ബിഡ്ഡിങ്ങായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടത്.

എന്നത്തേയും പോലെ ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഏറ്റവുമധികം രൂപക്ക് ലേലം കൊണ്ടത് വിദേശ താരങ്ങളായിരുന്നു. സംഗതി ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെങ്കിലും ലേലത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉയര്‍ന്ന തുക ലഭിച്ചിട്ടില്ല. റിറ്റെന്‍ഷന്‍ ലിസ്റ്റുകളെ ഒഴിവാക്കിക്കൊണ്ടാണ് ഇക്കാര്യം പറയുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന തുകയായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ താരം സാം കറന് ലഭിച്ചത്. 18.5 കോടി രൂപക്കായിരുന്നു സാം കറന്‍ പഞ്ചാബ് കിങ്‌സിലെത്തിയത്.

ഇതിന് പുറമെ ഐ.പി.എല്‍ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബിഡ്ഡിങ്ങും കഴിഞ്ഞ ദിവസം തന്നെയായിരുന്നു അരങ്ങേറിയത്. 17.50 കോടി രൂപക്ക് കാമറൂണ്‍ ഗ്രീനിനെ മുംബൈ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുകയായിരുന്നു.

മായങ്ക് അഗര്‍വാളാണ് ഏറ്റവുമധികം തുക നേടിയ ഇന്ത്യന്‍ താരം. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനെ 8.25 കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.

പഞ്ചാബ് കിങ്‌സ് ഉപേക്ഷിച്ച മായങ്കിനായി അവര്‍ തന്നെ രംഗത്തെത്തി എന്നതാണ് രസകരമായ മറ്റൊരു വസ്തുത. പഞ്ചാബിനും ഹൈദരാബാദിനും പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തെത്തിയതോടെ ലേലം കൊഴുക്കുകയായിരുന്നു.

40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സൂപ്പര്‍ താരം ശിവം മാവിയാണ് ലേലത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത അണ്‍ക്യാപ്ഡ് താരം. തന്റെ അടിസ്ഥാന വിലയുടെ 15 ഇരട്ടിയായ 6 കോടിയാണ് മാവി നേടിയത്.

ഓള്‍ റൗണ്ടര്‍മാര്‍ക്കായിരുന്നു ലേലത്തില്‍ ഏറ്റവുമധികം ഡിമാന്‍ഡ്. സാം കറനും കാമറൂണ്‍ ഗ്രീനും ബെന്‍ സ്‌റ്റോക്‌സും ജേസണ്‍ ഹോള്‍ഡറുമടക്കം സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാര്‍ക്ക് പിന്നാലെ ടീമുകള്‍ കാശും കീശയിലാക്കി പാഞ്ഞു.

കഴിഞ്ഞ ലേലത്തില്‍ പൊന്നും വില നേടുകയും എന്നാല്‍ ഈ ലേലത്തില്‍ വളരെ മോശം പ്രകടനവും കാഴ്ചവെച്ച താരങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 11.50 കോടി രൂപയുണ്ടായിരുന്ന ജയദേവ് ഉനദ്കടിനെ 50 ലക്ഷത്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.

കഴിഞ്ഞ ലേലത്തില്‍ എട്ടുകോടിയധികം നേടി തിളങ്ങിയ ഓഡിയന്‍ സ്മിത്തിനെ 50 ലക്ഷത്തിനും കോടികള്‍ കൊണ്ട് അമ്മാനമാടിയ കെയ്ന്‍ വില്യംസണെ അടിസ്ഥാന വിലയായ രണ്ട് കോടിക്കും ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മോക്ക് ഓക്ഷനില്‍ ഒരാള്‍ പോലും വാങ്ങാന്‍ താത്പര്യം കാണിക്കാത്ത താരം കൂടിയായിരുന്നു വില്യംസണ്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ ടാക്ടിക്‌സിനാണ് കയ്യടി ഉയരുന്നത്. ആദം സാംപയെ പോലുള്ള ലോകോത്തര സ്പിന്നറെയും ജോ റൂട്ടിനെ പോലുള്ള യമണ്ടന്‍ താരങ്ങളെയും ചുളുവിലക്കാണ് രാജസ്ഥാന്‍ സ്‌ക്വാഡിലെത്തിച്ചത്. ഏതെങ്കിലും താരം ഫോമിലെത്തിയില്ലെങ്കില്‍ വിശ്വസിച്ച് റീ പ്ലേസ് ചെയ്യാന്‍ സാധിക്കുന്ന ഇവരെ ടീമിലെത്തിച്ചതിന് പ്രത്യേക കയ്യടി രാജസ്ഥാന്‍ അര്‍ഹിക്കുന്നു.

കഴിഞ്ഞ ലേലങ്ങളിലേതെന്ന പോലെ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോ ഓണര്‍ കിരണ്‍ കുമാര്‍ ഗാന്ധിയും രണ്ടും കല്‍പിച്ചായിരുന്നു. എതിരാളികളുടെ പേഴ്‌സ് കാലിയാക്കി വെടക്കാക്കി തനിക്കാക്കുന്ന ദല്‍ഹി അത്യാവശ്യം മികച്ച ബിഡ് തന്നെയായിരുന്നു നടത്തിയത്.

കിരണ്‍ കുമാറിനൊപ്പം രാജസ്ഥാന്‍ റോയല്‍സും ഇതേ ടാക്ടിക്‌സ് പ്രയോഗിച്ചതോടെ കളി മാറി. ആകെ 13.25 കോടിയും കീശയിലിട്ട് 13 കോടി വരെ ലേലം വിളിച്ച രാജസ്ഥാനും മികച്ച മൈന്‍ഡ് ആന്‍ഡ് മണി ഗെയിം തന്നെയായിരുന്നു നടത്തിയത്.

സണ്‍റൈസേഴ്‌സിന്റെ കാവ്യ കലാനിധി മാരാനായിരുന്നു മറ്റൊരു ആകര്‍ഷണം. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കണ്ണുംപൂട്ടി വിളിച്ച ആരാധകരുടെ കാവ്യ ചേച്ചിയും സണ്‍റൈസേഴ്‌സും കഴിഞ്ഞ ദിവസത്തെ ലേലത്തില്‍ തിളങ്ങിയിരുന്നു.

മലയാളി താരങ്ങളായ വിഷ്ണു വിനോദും ബാസിതും ആസിഫും വിവിധ ടീമില്‍ ഇടം നേടിയത് മലയാളി ആരാധകര്‍ക്കും ആശ്വസിക്കാനുള്ള വക നല്‍കി.

ഇതിന് പുറമെ അണ്‍സോള്‍ഡായ താരങ്ങളുടെ ലിസ്റ്റാണ് ആരാധകരെ നിരാശരാക്കുന്നത്. പോള്‍ സ്‌റ്റെര്‍ലിങ്ങും വെയ്ന്‍ പാര്‍ണെലും ഡാരില്‍ മിച്ചലും ക്രിസ് ജോര്‍ദനും തുടങ്ങി ലേലത്തില്‍ നിരാശപ്പെടേണ്ടി വന്ന താരങ്ങളും ഏറെയാണ്.

ഇനി ലേലത്തേക്കാള്‍ ആവേശമുണര്‍ത്തുന്ന ഐ.പി.എല്ലിന്റെ 16ാം എഡിഷന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Content Highlight: IPL mini auction 2023