രാജസ്ഥാന്‍ ടീമിലെടുത്തില്ല, പഞ്ചാബിലെത്തിയത് ഐ.പി.എല്ലിന്റെ ചരിത്രം കുറിച്ച്; 18 കോടിയുടെ പവര്‍ കണ്ടോ!
IPL
രാജസ്ഥാന്‍ ടീമിലെടുത്തില്ല, പഞ്ചാബിലെത്തിയത് ഐ.പി.എല്ലിന്റെ ചരിത്രം കുറിച്ച്; 18 കോടിയുടെ പവര്‍ കണ്ടോ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th November 2024, 6:41 pm

ഐ.പി.എല്‍ മെഗാ താരലേലത്തിന്റെ ആദ്യ ദിന ലേല നടപടികള്‍ തുടരുകയാണ്. ലഞ്ചിന് പിരിയും മുമ്പ് രണ്ട് സെറ്റുകളിലായി 12 താരങ്ങള്‍ വിവിധ ടീമുകളുടെ ഭാഗമായി. ആദ്യ സെറ്റിലെ ആറ് താരങ്ങള്‍ക്കായി ടീമുകള്‍ ആകെ ചെലവഴിച്ചത് 110 കോടി രൂപയാണ്. രണ്ടാം സെറ്റിലെ ആറ് താരങ്ങള്‍ 70.5 കോടിയും സ്വന്തമാക്കി.

ആദ്യ സെറ്റിലെ അവസാന പേരുകാരനായ റിഷബ് പന്ത് 27 കോടി രൂപ സ്വന്തമാക്കി ചരിത്രമെഴുതി. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആര്‍.ടി.എം. ഓപ്ഷന് ചെക്ക് വെച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

രണ്ടാം സെറ്റിലാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ വിട്ടുനല്‍കിയ യൂസ്വേന്ദ്ര ചഹലിന്റെ പേര് വന്നത്. പല ടീമുകളും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനെ സ്വന്തമാക്കാന്‍ മത്സരിച്ചെങ്കിലും ഒടുവില്‍ പഞ്ചാബ് കിങ്‌സ് ഇന്ത്യയുടെ സ്പിന്‍ മജീഷ്യനെ സ്വന്തമാക്കുകയായിരുന്നു.

18 കോടി നല്‍കിയാണ് പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയത്. ഇതോടെ ഒരു ചരിത്ര നേട്ടവും ചഹലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കുന്ന സ്പിന്നര്‍ എന്ന നേട്ടമാണ് ചഹല്‍ തന്റെ പേരില്‍ കുറിച്ചത്.

ലേലത്തില്‍ സൂപ്പര്‍ താരം അര്‍ഷ്ദീപ് സിങ്ങിനെയും 18 കോടി നല്‍കിയാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇടംകയ്യന്‍ സൂപ്പര്‍ പേസറെ പഞ്ചാബ് സ്വന്തം തട്ടകത്തിലെത്തിച്ചത്.

ഈ ബിഡ്ഡിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അര്‍ഷ്ദീപിനെ തേടിയെത്തിയിരുന്നു. താരലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ മെഗാ താരലേലം 2025

സെറ്റ് 1

റിഷബ് പന്ത് – 27 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ശ്രേയസ് അയ്യര്‍ – 26.75 കോടി – പഞ്ചാബ് കിങ്‌സ്

അര്‍ഷ്ദീപ് സിങ് – 18 കോടി – പഞ്ചാബ് കിങ്‌സ് (ആര്‍.ടി.എം)

കഗിസോ റബാദ – 10.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്

ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്

മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്

സെറ്റ് 2

മുഹമ്മദ് ഷമി – 10 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് മില്ലര്‍ – 7.50 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

യൂസ്വേന്ദ്ര ചഹല്‍ – 18 കോടി – പഞ്ചാബ് കിങ്‌സ്

മുഹമ്മദ് സിറാജ് – 12.25 കോടി – ഗുജറാത്ത് ടൈറ്റന്‍സ്

ലിയാം ലിവിങ്‌സ്റ്റണ്‍ – 8.75 കോടി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കെ.എല്‍. രാഹുല്‍ – 14 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്

സെറ്റ് 3

ഹാരി ബ്രൂക്ക് – 6.25 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്

ദേവ്ദത്ത് പടിക്കല്‍ – അണ്‍സോള്‍ഡ്

ഏയ്ഡന്‍ മര്‍ക്രം – 2 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

 

 

Content Highlight: IPL Mega Auction: Yuzvendra Chahal becomes the most expensive spinner in the history of IPL