| Sunday, 24th November 2024, 4:56 pm

27 കോടി!!! ചരിത്രത്തിന് 15 മിനിട്ട് തികച്ച് ആയുസ്സ് കൊടുത്തില്ല; ഐതിഹാസിക നേട്ടത്തില്‍ റിഷബ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കുന്ന താരമായി റിഷബ് പന്ത്. 27 കോടി രൂപയ്ക്കാണ് റിഷബ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റാഞ്ചിയെടുത്തത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആര്‍.ടി.എം കാര്‍ഡിന് ചെക്ക് വെച്ചുകൊണ്ടായിരുന്നു സൂപ്പര്‍ ജയന്റ്‌സിന്റെ സൂപ്പര്‍ നീക്കം.

അല്‍പം മുമ്പ് ശ്രേയസ് അയ്യര്‍ 26.75 കോടി സ്വന്തമാക്കി ഐ.പി.എല്‍ ചരിത്രത്തിലെ മോസ്റ്റ് എക്‌സ്‌പെന്‍സീവ് ബിഡ് എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയരുന്നു. പഞ്ചാബ് കിങ്‌സാണ് അയ്യരിനെ സ്വന്തമാക്കിയത്.

എന്നാല്‍ ആ റെക്കോഡിന് ഒട്ടും ആയുസ് നല്‍കാതെയാണ് പന്തും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചരിത്രം കുറിച്ചത്.

ആദ്യ സെറ്റിലെ അവസാന പേരുകാരനായി റിഷബ് പന്തിന്റെ പേര് പ്രഖ്യാപിച്ചതുമുതല്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധരും പഞ്ചാബ് ആരാധകരുമാണ് പന്തിനായി പ്രധാനമായും ആര്‍പ്പുവിളിച്ചത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്‌നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്‌നൗവും മാത്രമായി.

ലഖ്‌നൗവിന്റെ 20.75 കോടിക്ക് ഉത്തരമില്ലാതെ ഹൈദരാബാദും പിന്‍മാറിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു. ഇതോടെ പുതിയ തുക പ്രഖ്യാപിക്കാന്‍ ലഖ്‌നൗ നിര്‍ബന്ധിതരായി. ചര്‍ച്ചകള്‍ക്ക് ശേഷം 27 കോടിയെന്ന റെക്കോഡ് ഫിഗര്‍ ലഖ്‌നൗ പ്രഖ്യാപിക്കുകയായിരുന്നു.

ഈ തുകയ്ക്ക് മുകളില്‍ വിളിക്കാതെ ദല്‍ഹി ക്യാപ്പിറ്റല്‍സ് കയ്യൊഴിഞ്ഞതോടെ പന്ത് 27 കോടിക്ക് ലഖ്‌നൗവിനൊപ്പം ചേരുകയായിരുന്നു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 20 കോടിക്ക് മേല്‍ ലേലം കൊള്ളുന്ന രണ്ടാമത് ഇന്ത്യന്‍ താരമായും ഇതോടെ റിഷബ് പന്ത് മാറി.

ലേലത്തിലെ മറ്റ് താരങ്ങള്‍

അര്‍ഷ്ദീപ് സിങ് – 18 കോടി – പഞ്ചാബ് കിങ്‌സ് (ആര്‍.ടി.എം)

കഗിസോ റബാദ – 10.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്

ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്

മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്

Content Highlight: IPL Mega Auction: Rishabh Pant created History

We use cookies to give you the best possible experience. Learn more