ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ജോസ് ബട്‌ലറിന് വിടനല്‍കി രാജസ്ഥാന്‍ റോയല്‍സ്. 15.75 കോടി രൂപയ്ക്കാണ് ആരാധകരുടെ ജോസേട്ടന്‍ ഗുജറാത്തിന്റെ തട്ടകത്തിലെത്തിയത്.
രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ഏറെ നിരാശരാക്കിക്കൊണ്ടാണ് ബട്‌ലര്‍ ടീം വിടുന്നത്. മെഗാ ലേലത്തിന് മുന്നോടിയായി നടന്ന പ്ലെയര്‍ റിറ്റെന്‍ഷനില്‍ രാജസ്ഥാന്‍ താരത്തെ നിലനിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ബട്‌ലറും ഓക്ഷന്‍ പൂളിന്റെ ഭാഗമായത്.
ബട്‌ലര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തോടെ വിടപറഞ്ഞതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ബട്‌ലറിന്റെ ചിത്രം പങ്കുവെച്ച് ബ്രോക്കണ്‍ ഹാര്‍ട്ട് ഇമോജിക്കൊപ്പം ഷാരൂഖ് ഖാന്‍ ചിത്രം കല്‍ ഹോ ന ഹോയിലെ സീനും ചേര്‍ത്താണ് ബട്‌ലറിന് റോയല്‍സ് വിട നല്‍കിയത്.
View this post on Instagram
പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണത്തിന് പിന്നാലെ പോയ നിങ്ങള്‍ കയ്യിലുണ്ടായിരുന്ന ഡയമണ്ടിനെ കളഞ്ഞുകുളിച്ചു, ഞങ്ങള്‍ എപ്പോഴും ബട്‌ലറിനെ മിസ് ചെയ്യും തുടങ്ങി ആരാധകര്‍ കമന്റ് ബോക്‌സില്‍ പരിഭവം പങ്കുവെക്കുന്നുണ്ട്.
നേരത്തെ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുത്താത്തിന് പിന്നാലെ ജോസ് ബട്‌ലറും വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘ഇത് അവസാനമാണെങ്കില്‍, രാജസ്ഥാന്‍ റോയല്‍സിനും ഏഴ് വര്‍ഷം ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി. 2018ാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒപ്പം ഏറെ കാലവും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി പിങ്ക് ജേഴ്സിയില്‍ നിന്നും എനിക്ക് ലഭിച്ചു. എന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വികരിച്ചതിന് ഒരുപാട് നന്ദി. ഒരുപാട് കാര്യങ്ങള്‍ ഇനിയും എഴുതാനുണ്ട്, തത്കാലം നിര്‍ത്തുന്നു,’ ബട്‌ലര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ സഞ്ജുവിനും മുന്‍ നായകന്‍ അജിന്‍ക്യ രഹാനെക്കും കീഴില്‍ മൂന്നാമനാണ് ബട്‌ലര്‍. ടീമിനായി 3,000 റണ്‍സ് മാര്‍ക് പിന്നിട്ടതും ഇവര്‍ മാത്രമാണ്.
2018ല്‍ രാജസ്ഥാനൊപ്പം പുതിയ കരിയര്‍ ആരംഭിച്ച താരം 82 ഇന്നിങ്സില്‍ ടീമിനായി ബാറ്റെടുത്തിട്ടുണ്ട്. 41.84 ശരാശരിയിലും 150.60 സ്ട്രൈക്ക് റേറ്റിലും 3,055 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രാജസ്ഥാനായി കുറഞ്ഞത് 100 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച റണ്‍ ശരാശരിയാണ് ജോസേട്ടന്റേത്.
രാജസ്ഥാനായി ഏഴ് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ബട്‌ലര്‍ തന്നെയാണ്.
ബട്‌ലറിനൊപ്പം സൂപ്പര്‍ സ്പിന്നര്‍ യൂസി ചഹലിനെയും രാജസ്ഥാന് നഷ്ടപ്പെട്ടിരുന്നു. 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്.
‘ഇനി നമ്മള്‍ കാണുമ്പോള്‍ നിങ്ങള്‍ രണ്ട് പേരും പിങ്ക് ജേഴ്‌സിയിലായിരിക്കില്ല. ഇത് ഒരുപാട് വേദനയുണ്ടാക്കും, പക്ഷേ നിങ്ങളോടുള്ള സ്‌നേഹം അതുപോലെ നിലനില്‍ക്കും,’ രാജസ്ഥാന്‍ കുറിച്ചു.
സെറ്റ് 1
റിഷബ് പന്ത് – 27 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ശ്രേയസ് അയ്യര്‍ – 26.75 കോടി – പഞ്ചാബ് കിങ്‌സ്
അര്‍ഷ്ദീപ് സിങ് – 18 കോടി – പഞ്ചാബ് കിങ്‌സ് (ആര്‍.ടി.എം)
കഗിസോ റബാദ – 10.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
സെറ്റ് 2
മുഹമ്മദ് ഷമി – 10 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഡേവിഡ് മില്ലര്‍ – 7.50 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
യൂസ്വേന്ദ്ര ചഹല്‍ – 18 കോടി – പഞ്ചാബ് കിങ്‌സ്
മുഹമ്മദ് സിറാജ് – 12.25 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
ലിയാം ലിവിങ്‌സ്റ്റണ്‍ – 8.75 കോടി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
കെ.എല്‍. രാഹുല്‍ – 14 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
Content highlight: IPL Mega Auction: Rajasthan Royals shares emotional post about Jos Buttler