ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ സ്വന്തമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് സമ്മാനം നല്‍കിയത്. 2015ന് ശേഷം അശ്വിന്‍ വീണ്ടും ചെപ്പോക്കിന്റെ മണ്ണില്‍ മഞ്ഞ ജേഴ്‌സിയില്‍ കളിക്കുന്ന കാഴ്ചയ്ക്കാകും ഐ.പി.എല്‍ 2025 സാക്ഷ്യം വഹിക്കുക. അശ്വിന്റെ ഹോം കമിങ് കൂടിയാണ് ഐ.പി.എല്‍ 2025ല്‍ സംഭവിക്കുന്നത്.
രണ്ട് കോടി അടിസ്ഥാനവിലയുണ്ടായിരുന്ന അശ്വിനെ 9.75 കോടിക്കാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. അശ്വിനെ ടീമിലെത്തിക്കാനുറച്ച് ലേലത്തിനിറങ്ങിയ ചെന്നൈ താരത്തിന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സുമായി വാശിയേറിയ ബിഡ്ഡിങ് നടത്തിയാണ് താരത്തെ സ്വന്തമാക്കിയത്.
ഓരോ തവണയും തുക കൂട്ടി വിളിക്കും തോറും രാജസ്ഥാന്‍ മാനേജ്മെന്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ലേല നടപടികള്‍ നിയന്ത്രിക്കുന്ന മല്ലിക സാഗര്‍ രാജസ്ഥാന്റെ ബിഡ് അനൗണ്‍സ് ചെയ്യും മുമ്പ് തന്നെ സി.എസ്.കെക്കായി സ്റ്റീഫന്‍ ഫ്ളെമിങ് പാഡല്‍ ഉയര്‍ത്തുകയായിരുന്നു.
അശ്വിനായി ലേലം വിളിക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും 41 കോടിയാണ് ഓക്ഷന്‍ പേഴ്സില്‍ ബാക്കിയുണ്ടായിരുന്നത്. ഒടുവില്‍ രാജസ്ഥാന്‍ ആരാധകരെ നിരാശരാക്കി അശ്വിന്‍ ചെന്നൈയുടെ തട്ടകത്തിലെത്തുകയായിരുന്നു.
ചെന്നൈയിലേക്ക് മടങ്ങിയെത്തിയതില്‍ പ്രതികരിക്കുകയാണ് അശ്വിന്‍. വീണ്ടും ചെന്നൈക്കായി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഋതുരാജിന്റെ ക്യാപ്റ്റന്‍സിയില്‍ ധോണിക്കൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു.
‘ജീവിതം ഒരു വൃത്തമാണെന്ന് എല്ലാവരും പറയുന്നു. 2008 മുതല്‍ 2015 വരെ ഞാന്‍ അവര്‍ക്കായി കളിച്ചതാണ്. ഞാന്‍ എല്ലായ്‌പ്പോഴും അവരോട് കടപ്പെട്ടിരിക്കുന്നു. സി.എസ്.കെയില്‍ നിന്നും പഠിച്ച കാര്യങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ മുന്നേറാന്‍ എന്നെ സഹായിച്ചത്. ഞാന്‍ ചെന്നൈക്കായി കളിച്ച് പത്ത് വര്‍ഷമാകുന്നു.
ചെന്നൈ എനിക്കായി നല്‍കിയ തുക, ലേലം എല്ലാം അവിടെയുണ്ട്, എന്നാല്‍ 2011ല്‍ അവര്‍ എനിക്കായി ലേലത്തില്‍ പോരാടിയതാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. ഇത് വളരെ മികച്ച ഒരു ഫീലിങ്ങാണ്,’ അശ്വിന്‍ പറഞ്ഞു.
താന്‍ ചെന്നൈക്കായി കളിക്കുന്നില്ലെങ്കിലും സൂപ്പര്‍ കിങ്‌സ് ആരാധകര്‍ എല്ലായ്‌പ്പോഴും തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരുപാട് അന്‍പുടന്‍ ആരാധകരുടെ ബാനറുകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഇവിടെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചപ്പോള്‍ ഞാന്‍ കളത്തിലുള്ളപ്പോള്‍ എനിക്കെതിരെ അവര്‍ ഒരിക്കല്‍ പോലും ആര്‍പ്പുവിളിക്കുകയോ ചാന്റ് ചെയ്യുകയോ ഉണ്ടായില്ല.
ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എല്ലായ്‌പ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. വീണ്ടും ധോണിക്കൊപ്പം, ഋതുരാജിന് കീഴില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു,’ അശ്വിന്‍ പറഞ്ഞു.
Content Highlight: IPL Mega Auction: R Ashwin about returning to CSK