| Friday, 29th November 2024, 10:43 am

ഐ.പി.എല്ലില്‍ ഒരു ടീമും വാങ്ങാതിരുന്നത് അവന്റെ കണ്ണുതുറപ്പിച്ചേക്കും; ഇന്ത്യക്കായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ കുറിച്ച് ആമ്രേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താര ലേലത്തില്‍ സൂപ്പര്‍ താരം പൃഥ്വി ഷായെ ഒരു ഫ്രാഞ്ചൈസികളും സ്വന്തമാക്കാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് അസിസ്റ്റന്റ് കോച്ചുമായ പ്രവീണ്‍ ആമ്രേ. പൃഥ്വി ഷായുടെ പതനം കാണുമ്പോള്‍ നിരാശയുണ്ടെന്നും എന്നാല്‍ അവനില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ആമ്രേ അഭിപ്രായപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദല്‍ഹി മാനേജ്‌മെന്റ് അവനെ പിന്തുണയ്ക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. മാനേജ്‌മെന്റ് അവനെ ഒഴിവാക്കിയപ്പോഴും ഞാന്‍ അവിടെയുണ്ട്. ഇതൊരിക്കലും ഒരു ശിക്ഷയല്ല, മറിച്ച് ഇത് ശരിയായ പാത കാണിച്ചുകൊടുക്കലാണ്.

ഐ.പി.എല്ലില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്നത് അവന്‍ പോസിറ്റിവായി തന്നെ കാണുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് അവന്റെ കണ്ണ് തുറപ്പിച്ചേക്കും. അധികം വയസായിട്ടില്ല അവന്, പ്രായവും അവന് മുമ്പിലുണ്ട്.

അവനെ പോലെ ഒരു മികച്ച, കഴിവുറ്റ താരത്തിന്റെ കരിയര്‍ പിന്നോട്ട് പോകുന്നത് കണുമ്പോള്‍ നിരാശയുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി മുംബൈയിലേക്ക് പോകും മുമ്പ് അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന പ്രാക്ടീസ് മത്സരത്തില്‍ മികച്ച സെഞ്ച്വറി നേടിയെന്ന് ആരോ എന്നോട് പറഞ്ഞിരുന്നു.

ഐ.പി.എല്ലില്‍ ഇന്നും അവന് 30 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കും. പണവും പ്രതാപവും അവന് കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവില്ല. ഇത് ഐ.പി.എല്ലിന്റെ സൈഡ് എഫക്ടാണ്.

ഇവന്റെ ഉദാഹരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കേസ് സ്റ്റഡിയായി ഉപയോഗിക്കാന്‍ സാധിക്കും. അവന് സംഭവിച്ചതെന്തോ, അത് മറ്റൊരു താരത്തിനും സംഭവിക്കാന്‍ പാടില്ല. കഴിവ് മാത്രം നിങ്ങളെ ഉന്നതികളിലെത്തിക്കില്ല. മൂന്ന് ‘ഡി’കള്‍ – ഡിസിപ്ലിന്‍ (അച്ചടക്കം), ഡിറ്റര്‍മിനേഷന്‍ (ദൃഢനിശ്ചയം), ഡെഡിക്കേഷന്‍ (സമര്‍പ്പണം) എന്നിവയും അത്യവശ്യമാണ്,’ ആമ്രേ കൂട്ടിച്ചേര്‍ത്തു.

അച്ചടക്കമില്ലായ്മ മൂലം പൃഥ്വി ഷാ തന്നെ തനിക്ക് ലേലത്തില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. 75 ലക്ഷം മാത്രം അടിസ്ഥാനവിലയുണ്ടായിരുന്നിട്ടും ഒരു ടീമും താരത്തെ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചില്ല.

ഒരു ടീമും ലേലത്തില്‍ സ്വന്തമാക്കാതിരുന്നതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിനോദ് കാംബ്ലെയുടെ കരിയര്‍ ഉദാഹരിച്ചുകൊണ്ടാണ് പൃഥ്വി ഷായെ ആരാധകര്‍ വിമര്‍ശിക്കുന്നത്.

2018ല്‍ ഇന്ത്യക്ക് അണ്ടര്‍ 19 ലോക കിരീടം നേടിത്തന്ന ക്യാപ്റ്റനെ സ്വന്തമാക്കാന്‍ ഒരു ടീമും ശ്രമിക്കാതിരുന്നപ്പോള്‍ സ്‌ക്വാഡിലെ മറ്റ് പല താരങ്ങള്‍ക്കായും ടീമുകള്‍ മത്സരിച്ചു.

ശുഭ്മന്‍ ഗില്ലിനെ ഗുജറാത്ത് ടൈറ്റന്‍സും റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സും അഭിഷേക് ശര്‍മയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിലനിര്‍ത്തിയപ്പോള്‍ ഐ.പി.എല്‍ താരലേലത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് അര്‍ഷ്ദീപ് സിങ്ങിനെ പഞ്ചാബ് കിങ്‌സ് വീണ്ടും മൊഹാലിയിലെത്തിച്ചത്.

Content Highlight: IPL Mega Auction: Pravin Amre about Prithvi Shaw

We use cookies to give you the best possible experience. Learn more