ഐ.പി.എല്ലിന്റെ മെഗാ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ച താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഹൈദരാബാദ് ടീമിലേക്കുള്ള ഇഷാന്‍ കിഷന്റെ വരവ് വലിയൊരു അബദ്ധമായി പോയെന്നാണ് ആരാധകരുടെ വാദം. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വേണ്ടിയിരുന്ന താരമല്ല ഇഷാനെന്നും, ഇഷാന്റെ കൂടുമാറ്റം പാളിപ്പോയെന്നുമാണ് ക്രിക്കറ്റ് ലോകത്തിലെ ചര്‍ച്ചാ വിഷയം.
എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനും ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി രംഗത്തെത്തി. ടീമിന്റെ ഏറ്റവും മികച്ച ഡീലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വെറ്റോറി. മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാനെ ലേലത്തില്‍ 11.25 കോടി രൂപയ്ക്കാണ് എസ്.ആര്‍.എച്ച് റാഞ്ചിയത്.
രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാനെ മുംബൈ തിരികെ വാങ്ങുമെന്നുതന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ താരത്തെ സണ്‍റൈസേഴ്‌സ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു. ഒപ്പം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയടക്കം മികച്ച താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കാന്‍ എസ്.ആര്‍.എച്ചിനായി.
ഓറഞ്ച് ആര്‍മിയെ സംബന്ധിച്ച് ഏറ്റവും മികച്ച ഡീല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതാണെന്നാണ് വെറ്റോറി പറഞ്ഞിരിക്കുന്നത്. 10 കോടി രൂപയ്ക്ക് മുഹമ്മദ് ഷമിയെയും എട്ടു കോടി രൂപയ്ക്ക് ഹര്‍ഷല്‍ പട്ടേലിനെയും ലേലത്തില്‍ വാങ്ങാനായെങ്കിലും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടി. നടരാജനെ കൈവിടേണ്ടി വന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വലിയ നഷ്ടം തന്നെയാണെന്നും വെറ്റോറി വെളിപ്പെടുത്തി.
മെഗാ ലേലത്തില്‍ ഇഷാന്‍ കിഷനെ 11.25 കോടി ചെലവഴിച്ച് ടീമിലെത്തിക്കാനായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വലിയ ഡീല്‍ തന്നെയാണെന്ന് ടീം കോച്ച് ഉറപ്പിച്ചു പറയുന്നു. 2016ല്‍ ഐ.പി.എല്ലില്‍ അരങ്ങേറിയ ഇഷാന്‍ കിഷന്‍ ഇതിനകം 105 മത്സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 2,644 റണ്‍സാണ് ആകെ സമ്പാദ്യം. 16 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 99 റണ്‍സാണ് ഇഷാന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
‘ഇഷാനെ ടീമിലേക്കു കൊണ്ടു വരാന്‍ ഞങ്ങള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. ലേലത്തില്‍ ഇഷാന് ഇതിനേക്കാള്‍ വലിയ തുക കിട്ടുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അതുകൊണ്ടു തന്നെ 12 കോടി രൂപയില്‍ താഴെ മുടക്കി ഇഷാനെ വാങ്ങാനായതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്,’ വെറ്റോറി കൂട്ടിച്ചേര്‍ത്തു.
മുഖ്യ പരിശീലകന്‍ ഐ.പി.എല്ലില്‍ തങ്ങളുടെ തന്ത്രങ്ങള്‍ തുറന്നുപറഞ്ഞിട്ടും ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ ഇഷാന്റെ വരവിനെ അബദ്ധമായി തന്നെയാണ് വിലയിരുത്തുന്നത് അതിനവര്‍ വ്യക്തമാക്കുന്നത് ടീമിന് നിലവില്‍ ശക്തമായ ഓപ്പണിങ് ജോഡി ഉണ്ട് എന്നതാണ്.
അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ട്രാവിസ് ഹെഡുമാണ് സണ്‍റൈസേഴ്‌സിന്റെ നിലവിലെ ഓപ്പണര്‍മാര്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരെയും ടീം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
അടുത്ത സീസണിലും ഇവര്‍ തന്നെയാകും ഓറഞ്ച് ആര്‍മിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. അതുകൊണ്ടു തന്നെ ഓപ്പണിങ്ങിലേക്ക് ഇഷാന്‍ കിഷനെ എസ്.ആര്‍.എച്ചിന് ആവശ്യമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
കഴിഞ്ഞ സീസണില്‍ എതിര്‍ ടീം ബൗളര്‍മാരെ വിറപ്പിച്ച ഓപ്പണിങ് ജോഡികളാണ് അഭിഷേകും ഹെഡും. ഇവരെ മാറ്റി പകരം ഇഷാനെ ഓപ്പണിങിലേക്ക് കൊണ്ടുവരാന്‍ എസ്.ആര്‍.എച്ചിന് താത്പര്യം കാണില്ല. അതുകൊണ്ടു തന്നെ മറ്റൊരു പൊസിഷനിലായിരിക്കും ഇഷാന് ബാറ്റ് ചെയ്യേണ്ടതായി വരിക. മറ്റ് പൊസിഷനില്‍ ഇഷാന് കാര്യമായ റെക്കോഡുകളില്ല എന്നതും ആരാധകര്‍ ഇതോടൊപ്പം ചേര്‍ത്തുവെക്കുന്നു.
ഇഷാന്‍ മറ്റൊരു പൊസിഷനില്‍ ബാറ്റിങ്ങിനിറങ്ങുകയാണെങ്കില്‍ ടീമിന്റെയും ഇഷാന്റെയും പ്രകടനത്തെയും കാര്യമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം. ഒപ്പം വിക്കറ്റ് കീപ്പറായി പ്രോട്ടിയാസ് സൂപ്പര്‍ താരം ഹെന്‌റിക് ക്ലാസന്‍ ഉണ്ട് എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Content highlight: IPL Mega Auction, Daniel Vetory about Sunrisers’ plan about Ishan Kishan